രഞ്ജൻ ഗോഗോയി അസമിൽ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർഥിയായേക്കുമെന്ന് തരുൺ ഗോഗോയി

ഗുവാഹതി: അസമിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായേക്കുമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ തരുൺ ഗോഗോയി. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ളവരുടെ പട്ടികയിൽ രഞ്ജൻ ഗോഗോയിയുടെ പേരുള്ളതായി തനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. അദ്ദേഹം തന്നെയാവും മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് താൻ കരുതുന്നുവെന്ന് തരുൺ ഗോഗോയി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

മുൻ ചീഫ് ജസ്റ്റിസിന് രാജ്യസഭയിലേക്ക് പോകാമെങ്കിൽ തീർച്ചയായും മുഖ്യമന്ത്രി പദത്തിലേക്കും അദ്ദേഹം സമ്മതിക്കും -തരുൺ ഗോഗോയി പറഞ്ഞു.

ഇതെല്ലാം രാഷ്ട്രീയക്കളികളാണ്. രഞ്ജൻ ഗോഗോയിയുടെ അയോധ്യ വിധി പ്രസ്താവനയിൽ ബി.ജെ.പി ഏറെ സന്തോഷത്തിലാണ്. ഇതിന് ശേഷം അദ്ദേഹം പടിപടിയായി രാഷ്ട്രീയത്തിലേക്ക് കടന്നു. ബി.ജെ.പിയുടെ രാജ്യസഭാംഗത്വം സ്വീകരിച്ചു. എന്തുകൊണ്ട് അദ്ദേഹം രാജ്യസഭാംഗത്വം നിരസിച്ചില്ല? അദ്ദേഹത്തിന് മനുഷ്യാവകാശ കമീഷന്‍റെയോ മറ്റെന്തെങ്കിലുമോ അധ്യക്ഷ സ്ഥാനം വഹിക്കാമായിരുന്നു. അദ്ദേഹത്തിന് രാഷ്ട്രീയ താൽപര്യമുണ്ടായിരുന്നു. അതുകൊണ്ടാണ് രാജ്യസഭാംഗത്വം സ്വീകരിച്ചത് -തരുൺ ഗോഗോയി പറഞ്ഞു.

അസം സ്വദേശിയായ രഞ്ജൻ ഗോഗോയി സുപ്രീംകോടതിയുടെ 46ാമത് ചീഫ് ജസ്റ്റിസായിരുന്നു. കഴിഞ്ഞ നവംബറിലാണ് അദ്ദേഹം ചീഫ് ജസ്‌റ്റിസ് സ്ഥാനത്തു നിന്ന് വിരമിച്ചത്. പിന്നീട് മാർച്ചിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇദ്ദേഹത്തെ രാജ്യസഭാംഗമായി നാമനിർദേശം ചെയ്യുകയായിരുന്നു.

അതേസമയം, താൻ അസമിലെ കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയാവില്ലെന്ന് തരുൺ ഗോഗോയി പറഞ്ഞു. ഒരു ഉപദേശകനായി താനുണ്ടാകും. അസമിൽ എ.ഐ.യു.ഡി.എഫ്, ഇടതുകക്ഷികൾ, പ്രാദേശിക കക്ഷികൾ എന്നിവയെ കൂട്ടി മഹാസഖ്യം രൂപീകരിച്ച് ബി.ജെ.പിയെ അധികാരത്തിൽ നിന്ന് വീഴ്ത്തണമെന്ന് അദ്ദേഹം വാദിക്കുന്നു. 

കോൺഗ്രസിൽ കഴിവുള്ള നിരവധി നേതാക്കളുണ്ട്. ബി.ജെ.പിക്കെതിരായ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു പൊതു സ്ഥാനാർഥിയെ ഉയർത്തിക്കാട്ടുന്നതാകും നല്ലത് -ഗോഗോയി പറഞ്ഞു.

അതേസമയം, ബദറുദ്ദീൻ അജ്മലിന്‍റെ നേതൃത്വത്തിലുള്ള എ.ഐ.യു.ഡി.എഫുമായി സഖ്യത്തിലാകുന്നതിനെ അപ്പർ അസം മേഖലയിലെ കോൺഗ്രസ് നേതൃത്വം എതിർക്കുകയാണ്. സഖ്യം അപ്പർ അസമിൽ കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് ഇവരുടെ വിലയിരുത്തൽ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.