ലഖ്നോ: കേന്ദ്ര സർക്കാർ നിർബന്ധിത വിരമിക്കൽ നൽകിയ ഐ.പി.എസ് ഓഫിസർ അമിതാഭ് താക്കൂർ അടുത്ത വർഷം നടക്കാനിരിക്കുന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കും. യോഗി ആദിത്യനാഥ് ഏത് മണ്ഡലത്തിൽ മത്സരിച്ചാലും അദ്ദേഹത്തിനെതിരെ അമിതാഭ് താക്കൂർ സ്ഥാനാർഥിയായുണ്ടാകുമെന്ന് കുടുംബം അറിയിച്ചു.
മുഖ്യമന്ത്രിയായിരിക്കെ തികച്ചും ജനാധിപത്യവിരുദ്ധവും അടിച്ചമർത്തുന്ന തരത്തിലുള്ളതും വിവേചനപരവുമായ നടപടികളാണ് യോഗി ആദിത്യനാഥ് കൈക്കൊണ്ടതെന്ന് അമിതാഭ് താക്കൂറിന്‍റെ ഭാര്യ നൂതൻ പറഞ്ഞു. തെറ്റായ നിലപാടുകൾക്കെതിരായ പ്രതിഷേധമാണിത്. യോഗി ആദിത്യനാഥ് ഏത് മണ്ഡലത്തിൽ മത്സരിച്ചാലും എതിരെ മത്സരിക്കാൻ അമിതാഭ് താക്കൂർ ഉണ്ടാകും -നൂതൻ പറഞ്ഞു.
ഇക്കഴിഞ്ഞ മാർച്ച് 23നാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് അമിതാഭ് താക്കൂറിന് നിർബന്ധിത വിരമിക്കൽ നൽകിയത്. പൊതുതാൽപര്യം മുൻനിർത്തിയാണ് നടപടിയെന്നും സർവിസിൽ തുടരാൻ ഇദ്ദേഹം യോഗ്യനല്ലെന്നുമാണ് വകുപ്പ് ചൂണ്ടിക്കാട്ടിയത്. 2028 വരെ അമിതാഭിന് സർവിസിൽ തുടരാമായിരുന്നു.
2015 ജൂലൈ 13 മുതൽ അമിതാഭ് കാന്ത് സസ്പെൻഷനിലായിരുന്നു. സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതിപ്പെട്ടതിന് പിന്നാലെയാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. ഇതിന് പിന്നാെല താക്കൂറിനെതിരെ വിജിലൻസ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. താക്കൂറിനെനെതിരെ ഒരു സ്ത്രീപീഡനക്കേസും തുടര്‍ന്ന് രജിസ്റ്റര്‍ചെയ്യപ്പെട്ടു. താക്കൂറിന്‍റെ സാമൂഹികപ്രവര്‍ത്തകയായ ഭാര്യയേയും പീഡനക്കേസില്‍ പ്രതിയാക്കിയിരുന്നു.
എന്നാൽ, 2016 ഏപ്രിലിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അമിതാഭ് താക്കൂറിന്‍റെ സസ്പെൻഷൻ റദ്ദാക്കുകയും അതുവരെയുള്ള മുഴുവൻ ശമ്പളവും നൽകാനും ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.