പ്രിൻസിപ്പൽ മൃതദേഹങ്ങൾ വിറ്റതായി ആർ.ജി കാർ മെഡിക്കൽ കോളജിലെ മുൻ ഡെപ്യൂട്ടി സൂപ്രണ്ട്

കൊൽക്കത്ത: പി.ജി. വിദ്യാർഥിനിയായ വനിത ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജിൽ അവകാശികളില്ലാത്ത മൃതദേഹങ്ങൾ മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷ് വിൽപന നടത്തിയിരുന്നതായി മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ.

ആർ.ജി കാർ മെഡിക്കൽ കോളജിലെ മുൻ ഡെപ്യൂട്ടി സൂപ്രണ്ട് അക്തർ അലി ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുൻ പ്രിൻസിപ്പലായ ഡോ. സന്ദീപ് ഘോഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്നത്. ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം ഡോ. സന്ദീപ് ഘോഷ് പ്രിൻസിപ്പൽ സ്ഥാനം രാജിവെച്ചിരുന്നു. അവകാശികളില്ലാത്ത മൃതദേഹങ്ങൾ വിൽക്കുന്നതുൾപ്പെടെ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പ്രിൻസിപ്പൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ.

ബംഗ്ലാദേശിലേക്ക് ബയോമെഡിക്കൽ മാലിന്യങ്ങളും മെഡിക്കൽ ഉപകരണങ്ങളും കടത്തുന്നതിലും അദ്ദേഹത്തിന് പങ്കുണ്ടായിരുന്നു. 2023 വരെ ആർ.ജി കാർ ഹോസ്പിറ്റലിൽ ഡെപ്യൂട്ടി സൂപ്രണ്ട് ആയിരുന്നു അക്തർ അലി. സംസ്ഥാന വിജിലൻസ് കമീഷനുമുമ്പാകെ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഘോഷിനെതിരായ അന്വേഷണ സമിതിയിൽ താനും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും മുൻ പ്രിൻസിപ്പലിനെതിരെ നടപടിയുണ്ടായില്ല.

‘തന്നെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച അതേ ദിവസം സ്ഥലം മാറ്റി. ഈ കമ്മിറ്റിയിലെ മറ്റ് രണ്ട് അംഗങ്ങളും സ്ഥലം മാറിപ്പോയി. ഈ മനുഷ്യനിൽ നിന്ന് വിദ്യാർഥികളെ രക്ഷിക്കാൻ ഞാൻ കഴിയുന്നതെല്ലാം ചെയ്തു, പക്ഷേ പരാജയപ്പെട്ടു’ അദ്ദേഹം പറഞ്ഞു. വിദ്യാർഥികളെ വിജയിപ്പിക്കാൻ ഘോഷ് കൈക്കൂലി ആവശ്യപ്പെട്ടതായും അക്തർ അലി പറഞ്ഞു. എല്ലാ ടെൻഡറുകളിലും അദ്ദേഹം 20 ശതമാനം കമീഷൻ വാങ്ങുമായിരുന്നു. ആശുപത്രിയുമായി ബന്ധപ്പെട്ട ടെൻഡറുകൾ ഘോഷിന്റെ രണ്ട് അടുത്ത സഹായികളായ സുമൻ ഹസ്രയ്ക്കും ബിപ്ലബ് സിംഹയ്ക്കും മാത്രമാണ് നൽകിയതെന്നും അക്തർ അലി ആരോപിച്ചു. 

Tags:    
News Summary - Ex-Deputy Superintendent of RG Kar Medical College said Principal sold dead bodies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.