ആർ.ജി കാർ ആശുപത്രിയിലെ മുൻ പ്രിൻസിപ്പലിനെ നുണ പരിശോധനക്ക് വിധേയനാക്കും

കൊൽക്കത്ത: യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ ആർ.ജി കാർ ആശുപത്രിയിലെ മുൻ പ്രിൻസിപ്പലിനെ നുണ പരിശോധനക്ക് വിധേയനാക്കും. സംഭവത്തിൽ കൊൽക്കത്തയിലുടനീളമുള്ള പ്രതിഷേധത്തെത്തുടർന്ന് ആർ.ജി കാർ ആശുപത്രിയുടെ മുൻ പ്രിൻസിപ്പൽ ഡോ സന്ദീപ് ഘോഷ് രാജിവെച്ചിരുന്നു. ഘോഷ് ഇതിനകം തന്നെ നിരവധി തവണ ചോദ്യം ചെയ്യലിനായി കേസിന്‍റെ അന്വേഷണം ഏറ്റെടുത്ത അന്വേഷണ ഏജൻസിക്ക് മുമ്പാകെ ഹാജരായിട്ടുണ്ട്.

ഞങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടികളിൽ ചില പൊരുത്തക്കേടുകൾ ഉള്ളതിനാൽ ഒന്നുകൂടെ പരിശോധിക്കേണ്ടതായി ഉണ്ടെന്നും അതിനാണ് നുണപരിശോധന നടത്തുന്നതെന്നും സി.ബി.ഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് കൊൽക്കത്ത ഹൈകോടതി കഴിഞ്ഞ ദിവസമാണ് സി.ബി.ഐക്ക് വിട്ടത്. കേസന്വേഷണത്തിൽ സംസ്ഥാന പൊലീസിന് ഗുരുതരമായ വീഴ്ചകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അവകാശമില്ലാത്ത മൃതദേഹങ്ങൾ വിൽക്കുന്നതുൾപ്പെടെ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഘോഷ് പങ്കാളിയായിട്ടുണ്ടെന്നും ആർ.ജി കാർ മെഡിക്കൽ കോളേജിലെ മുൻ ഡെപ്യൂട്ടി സൂപ്രണ്ട് പറഞ്ഞു. ബയോമെഡിക്കൽ മാലിന്യങ്ങൾ കടത്തുന്നതിലും ഇയാൾ ഉൾപ്പെട്ടിരുന്നു.

കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിലാണ് 28കാരിയായ ഡോക്ടറുടെ മൃതദേഹം ആഗസ്റ്റ് ഒമ്പതിന് രാവിലെ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. കൂടുതൽ പേർ സംഭവത്തിൽ പങ്കാളിയാണോയെന്നാണ് അന്വേഷിക്കുന്നത്. സംഭവത്തിൽ സംസ്ഥാനവ്യാപകമായി വൻ പ്രതിഷേധമുയർന്നിരിക്കുകയാണ്.

ഡോക്ടറുടെ മരണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും, സംഭവത്തിനു പിന്നിൽ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിച്ച റാക്കറ്റുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു. അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനാൽ പ്രതിഷേധം കൂടുതൽ ശക്തമായേക്കും.

Tags:    
News Summary - The ex-principal of RG Kar Hospital will undergo a lie test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.