ഡൽഹി: മാധ്യമപ്രവർത്തക നിധി റസ്ദാൻ ഇന്‍റർനെറ്റ് തട്ടിപ്പിനിരയായി. നിധി തന്നെയാണ് ട്വിറ്ററിൽ നൽകിയ പ്രസ്താവനയിലൂടെ വിവരം പുറംലോകത്തെ അറിയിച്ചത്. 'വളരെ ഗുരുതരമായ ഫിഷിങ് ആക്രമണത്തിന്' താൻ വിധേയയായെന്ന് നിധി ട്വീറ്റ് ചെയ്തു. ഹാർവാർഡ് സർവകലാശാലയിൽ പഠിപ്പിക്കുന്നതിനുള്ള ഓഫർ ആണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇപ്പോഴാണ് താനത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞതെന്നും അവർ കുറിച്ചു. 21 വർഷം എൻ.ഡി.ടിവിയിൽ ജോലി ചെയ്ത നിധി ഹാർവാർഡിലേക്ക് പോകാനാണ് രാജിവച്ചത്.
ഹാർവാർഡിൽ അസോസിയേറ്റ് പ്രഫസറായി നിയമനം ലഭിച്ചെന്നായിരുന്നു നിധിയെ തട്ടിപ്പുകാർ വിശ്വസിപ്പിച്ചത്. 2019 സെപ്റ്റംബറിൽ യൂനിവേഴ്സിറ്റിയിൽ ചേരണമെന്നായിരുന്നു തട്ടിപ്പുകാർ നിധിയോട് പറഞ്ഞത്. പിന്നീട് കോവിഡ് കാരണം യാത്ര നീളുന്നതായും അറിയിച്ചു. തുടർന്ന് 2021 ജനുവരിയിൽ ക്ലാസുകൾ ആരംഭിക്കുമെന്നും വിശ്വസിപ്പിച്ചിരുന്നു. കാലതാമസമുണ്ടായതും വ്യക്തിവിവരങ്ങൾ ആവശ്യപ്പെട്ടതും സംശയത്തിനിടയാക്കിയതിനെതുടർന്ന് നേരിട്ട് ഹാർവാർഡുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിന് ഇരയായതായി മനസിലായതെന്നും നിധി പറയുന്നു.
'കോവിഡ് ആയതിനാലുള്ള കാലതാമസം എന്നാണ് ഞാനാദ്യം കരുതിയത്. എന്നാൽ ഇത് ഒരുപരിധി പിന്നിട്ടപ്പോൾ ഹാർവാഡിലെ മുതിർന്ന അധികാരികളെ വ്യക്തതയ്ക്കായി നേരിട്ട് സമീപിക്കുകയായിരുന്നു. യൂനിവേഴ്സിറ്റിയിൽ നിന്ന് ലഭിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്ന ചില കത്തിടപാടുകൾ അവരോട് പങ്കിട്ടു'- നിധി പറഞ്ഞു. ഇതിനുശേഷമാണ് താൻ ഫിഷിങ് ആക്രമണത്തിന് ഇരയായതെന്ന് മനസ്സിലാക്കിയതെന്നും ഇതിനുപിന്നിൽ പ്രവർത്തിച്ചവർ തന്‍റെ സ്വകാര്യ ഡാറ്റയിലേക്കും ആശയവിനിമയങ്ങളിലേക്കും പ്രവേശനം നേടുന്നതിന് സമർഥമായ വ്യാജങ്ങളും തെറ്റായ പ്രാതിനിധ്യങ്ങളും ഉപയോഗിച്ചതായും അവർ പറഞു.
ഇമെയിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തട്ടിപ്പുകാരുടെ കയ്യിലായതായി സംശയിക്കുന്നതായും അവർ പറഞ്ഞു. സംഭവത്തിൽ നിധി പൊലീസിന് പരാതി നൽകി. ഇതുസംബന്ധിച്ച് ഹാർവാർഡ് യൂനിവേഴ്‌സിറ്റി അധികൃതർക്കും കത്തെഴുതിയിട്ടുണ്ടെന്നും റസ്ദാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.