കൊൽക്കത്ത: പ്ലാസ്റ്റിക് വലിച്ചെറിയാതെ 'ബാങ്കി'ൽ നിക്ഷേപിച്ചാൽ പകരം മാസ്കും സാനിറ്റൈസറും കൊണ്ടുപോവാം. സംഗതി വെസ്റ്റ് ബംഗാളിലാണ്. ആവശ്യം കഴിഞ്ഞ് ഉപേക്ഷിക്കാനായി പ്ലാസ്റ്റിക് അങ്ങിങ്ങായി വലിച്ചെറിയാതെ അത് ശേഖരിച്ച് കലക്ഷൻ സെന്‍ററിൽ എത്തിച്ചാൽ മതി, തിരികെ വരുമ്പോൾ ഗുണമേന്മയുള്ള മാസ്കും സാനിറ്റൈസറും സൗജന്യമാണ്. സംഭവം സത്യമാണ്. വീട്ടിൽ കുന്നുകൂടുന്ന പ്ലാസ്റ്റിക് കുറക്കുകയും ചെയ്യാം കോവിഡ് പ്രതിരോധം കൂട്ടുകയും ചെയ്യാം. ബർധ്വാൻ ജില്ലയിലെ പല്ല റോഡ് പള്ളി മംഗൽ സമിതി ക്ലബാണ് പദ്ധതിക്ക് പിന്നിൽ.
പ്ലാസ്റ്റിക് മാലിന്യം കുറക്കുകയും ജനങ്ങളിൽ കോവിഡ് പ്രതിരോധം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അഞ്ചു ചെടിയോ അഞ്ചുകിലോ പ്ലാസ്റ്റിക് വെയിസ്റ്റോ നൽകിയാൽ രണ്ടുമാസ്കും ഒരു ലിറ്റർ സാനിറ്റൈസറുമാണ് തിരികെ ലഭിക്കുക. ഇതിനായി പ്രത്യേകം 'ബാങ്ക്' ക്ലബ് അധികൃതർ സജ്ജീകരിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞ് നിരവധിയാളുകളാണ് ക്ലബിന്‍റെ കലക്ഷൻ സെന്‍ററിലേക്ക് ചെടിയും പ്ലാസ്റ്റികുമായി എത്തുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് മികച്ച റിസൾട്ടാണ് ലഭിക്കുന്നകതെന്ന് ക്ലബ് അധികൃതർ പറഞ്ഞു. ലോക്ഡൗൺ ആയതിനാൽ ആളുകൾ വീട്ടിലിരിക്കുകയാണ്. ഈ പദ്ധതി നടപ്പാക്കിയതോടെ ആളുകൾ വീടും പരിസരവും വൃത്തിയാക്കുന്നതിൽ 'സജീവമാണ്'. ഇവിടെ നിന്ന് മാസ്കും സാനിറ്റൈസറും ലഭിക്കുന്നതിലൂടെ കോവിഡ് പ്രതിരോധത്തിൽ അവർ ബോധവാന്മാരാണ്. ഇതോടെ മാസത്തിൽ ഒരിക്കലെങ്കിലും പ്രദേശവാസികൾ വീടും പരിസരവും ശുചീകരിക്കുന്നുണ്ടെന്നും ക്ലബ് ജനറൽ സെക്രട്ടരി സന്ദീപൻ സർകാർ പറഞ്ഞു.
പ്രകൃതി സൗഹൃദ ലോകമാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിനൊപ്പം കോവിഡ് നിർമാർജനവും ലക്ഷ്യമിടുന്നു. ദിനേന 100ലധികം ആളുകൾക്കാണ് മാസ്കും സാനിറ്റൈസറും വിതരണം ചെയ്യുന്നത്. മികച്ച പ്രതികരണമാണ് ജനങ്ങളിൽനിന്നും ലഭിക്കുന്നതെന്നും ഒരുമാസത്തേക്കാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.ചെടികൾ പുഴക്ക് സമീപവും റോഡരികിലും നട്ട് പരിപാലിക്കും. പ്രകൃതി സൗഹൃദ കട്ടകൾ നിർമിക്കാൻ പ്ലാസ്റ്റിക് ഉപയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.