അരവിന്ദ് കെജ്രിവാൾ

അറസ്റ്റിനെതിരായ കെജ്‌രിവാളിന്‍റെ ഹരജി; സി.ബി.ഐയുടെ മറുപടി തേടി ഡൽഹി ഹൈകോടതി

ന്യൂഡൽഹി: മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ തന്‍റെ അറസ്റ്റിനെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹരജിയിൽ മറുപടി നൽകാൻ സി.ബി.ഐയോട് ആവശ്യപ്പെട്ട് ഡൽഹി ഹൈകോടതി.

സി.ബി.ഐയോട് ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ നോട്ടീസ് അയച്ചു. കെജ്‌രിവാളിന്‍റെ അഭിഭാഷകന് രണ്ട് ദിവസത്തിനകം പുനഃപരിശോധനാ ഹരജി നൽകാമെന്ന് ഹൈകോടതി പറഞ്ഞു. ജൂലൈ 17ന് വാദത്തിനായി വിഷയം ലിസ്റ്റ് ചെയ്തു.

അറസ്റ്റിന് പുറമെ, ജൂൺ 26, ജൂൺ 29 തീയതികളിൽ സി.ബി.ഐ കസ്റ്റഡിയിലും ജൂലൈ 12വരെ ജുഡീഷ്യൽ കസ്റ്റഡിയിലും വിട്ട വിചാരണ കോടതിയുടെ ഉത്തരവുകളും കെജ്‌രിവാൾ ചോദ്യം ചെയ്തിട്ടുണ്ട്. മൂന്ന് ദിവസത്തെ സി.ബി.ഐ കസ്റ്റഡി അവസാനിച്ച് ശനിയാഴ്ച ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

മാർച്ച് 21നാണ് മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഇതേ കേസിൽ ജൂൺ 26ന് സി.ബി.ഐയും അറസ്റ്റ് ചെയ്തു.

Tags:    
News Summary - Excise 'scam': Delhi HC asks CBI to reply to Arvind Kejriwal's plea challenging arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.