‘ബ്രഹ്മപുരത്തേക്ക് വിദഗ്ധ സംഘത്തെ അയക്കണം’; കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കേരള എം.പിമാരുടെ നിവേദനം

ന്യൂഡൽഹി: അത്യധികം അപകടകാരിയായ ഡയോക്സിൻ ഉൾപ്പെടെയുള്ള വിഷവാതകം വായുവിൽ പടരുമ്പോൾ മലിനീകരണത്തിന്റെ ആഴം എത്രയാണെന്ന് പഠിക്കാനും പ്രദേശവാസികൾക്ക് ഭാവിയിൽ ഉണ്ടാകാവുന്ന ആരോഗ്യ പ്രത്യാഘാതങ്ങൾ മനസ്സിലാക്കാനും ‘എയിംസി’ൽ നിന്നുള്ള വിദഗ്ധസംഘത്തെ അയക്കണമെന്നാവശ്യപ്പെട്ട് കേരളത്തിൽനിന്നുള്ള എം.പിമാർ കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യക്ക് നിവേദനം നൽകി. തീപിടിത്തത്തിൽ മാനുഷിക ഇടപെടലുകൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും ഉണ്ടെങ്കിൽ കുറ്റക്കാരെ ശിക്ഷിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമവ്യവസ്ഥകൾ ബലപ്പെടുത്തണം. ഏറ്റവും നൂതനമായ മാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കാൻ കേന്ദ്രം ധനസഹായം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും സംസ്ഥാന സർക്കാർ രേഖാമൂലം കേന്ദ്ര സർക്കാറിനോട് സഹായം അഭ്യർഥിക്കാത്തത് എന്തുകൊണ്ടാ​ണെന്ന് കേന്ദ്രമന്ത്രി എം.പിമാരോട് ചോദിച്ചു. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ദുരന്തനിവാരണത്തിന് മറ്റു മന്ത്രാലയങ്ങളുമായി ചർച്ച ചെയ്ത് സമയബന്ധിതമായ തീരുമാനം കൈക്കൊള്ളുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകി. ഇതേ വിഷയത്തിൽ ഹൈബി ഈഡൻ എം.പി ഇന്ന് രാവിലെ പാർലമെൻറിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.

എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ എന്നിവർ ചേർന്ന് കേന്ദ്രമന്ത്രിക്ക് നിവേദനം കൈമാറി. എം.പിമാരായ കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ പ്രേമചന്ദ്രൻ, എം.കെ രാഘവൻ, ടി.എൻ പ്രതാപൻ, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ് എന്നിവരും സംബന്ധിച്ചു.

Tags:    
News Summary - 'Expert team should be sent to Brahmapuram'; MPs from Kerala submitted a petition to the Union Health Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.