തൃശൂർ: കർഷകർക്കും ചെറുകിട വായ്പ ആവശ്യമുള്ളവർക്കും വേണ്ടി സംയുക്ത വായ്പ പദ്ധതി നടപ്പാക്കാൻ പൊതുമേഖല ബാങ്കായ എസ്.ബി.ഐയും അദാനി കാപിറ്റലും തമ്മിലുണ്ടാക്കിയ കരാറിന് അനുമതി പിൻവലിക്കണമെന്ന് റിസർവ് ബാങ്കിനോട് സാമ്പത്തിക, സാമൂഹിക രംഗത്തെ വിദഗ്ധരും സംഘടനകളും ആവശ്യപ്പെട്ടു. തമിഴ്നാട് ആസ്ഥാനമായ 'പീപ്ൾസ് കമീഷൻ ഓൺ പബ്ലിക് സെക്ടർ ആൻഡ് പബ്ലിക് സർവിസസ്' സംഘടന മുഖേനയാണ് ഇവർ ആവശ്യം ഉന്നയിച്ചത്. ഇത്തരം ധാരണ ഗുരുതര ഭവിഷ്യത്തിന് കാരണമാകുമെന്ന് അവർ ചൂണ്ടിക്കാട്ടി.
22,219 ശാഖകളും 2,45,652 ജീവനക്കാരും 71,968 ബിസിനസ് കറസ്പോണ്ടന്റുമാരുമുള്ള വിപുലമായ പ്രവർത്തന ശൃംഖല എസ്.ബി.ഐക്കുണ്ട്. സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ പ്രവർത്തനത്തിന്റെ മഹത്തായ പാരമ്പര്യമുള്ള ബാങ്കാണ്. മറുഭാഗത്ത്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ലക്ഷ്യം ലാഭം വർധിപ്പിക്കൽ മാത്രമാണ്. ഇവ രണ്ടും തമ്മിലുള്ള ബന്ധം സാധാരണക്കാരെ കടുത്ത ചൂഷണത്തിലേക്ക് എറിഞ്ഞുകൊടുക്കാൻ മാത്രമേ വഴിവെക്കുകയുള്ളൂ. 2019ൽ മാത്രം 1701 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയോ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയോ ചെയ്ത ആർ.ബി.ഐ തന്നെ എസ്.ബി.ഐ-അദാനി കരാറിന് അനുമതി നൽകിയത് ആശങ്കാജനകമാണ്.
കരാർ പ്രകാരം വായ്പ ആവശ്യമുള്ളവർ ആദ്യം സമീപിക്കേണ്ടത് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയാണ്. ഇത് കാലക്രമേണ വായ്പയെടുക്കുന്നവർക്ക് ബാധ്യതയാവും. രാജ്യത്ത് ആയിരക്കണക്കിന് ഇടപാടുകാരെ ആത്മഹത്യയിലേക്ക് തള്ളിയ മൈക്രോ ഫിനാൻസ് ഏജൻസികളുടെ അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുക. പൊതുമേഖല ബാങ്കുകളുമായി സംയുക്ത വായ്പ പദ്ധതിയിൽ ഏർപ്പെടുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ പലതും ഇതേ പൊതുമേഖല ബാങ്കുകളിൽനിന്ന് വൻ തുക വായ്പയെടുക്കുകയും ബാധ്യത വരുത്തുകയും ചെയ്ത കോർപറേറ്റ് കമ്പനികളാണ്.
അദാനി ഗ്രൂപ് കാർഷിക മേഖലയിൽ ശക്തമായി ഇടപെടുന്നവരാണ്. ഇവരുടെ കൈകളിലേക്കാണ് കർഷകരെ എത്തിക്കുന്നത്. കർഷക സമൂഹം ഉൾപ്പെടെ ഇതിൽ ബാധിക്കപ്പെടുന്ന ഒരു വിഭാഗവുമായും ചർച്ച ചെയ്യാതെയാണ് റിസർവ് ബാങ്ക് ഈ വിജ്ഞാപനം ഇറക്കിയത്.
കോർപറേറ്റ് കമ്പനികൾക്ക് ബാങ്കിതര സ്ഥാപനം തുടങ്ങാൻ അനുമതി നൽകുന്നത് ആർ.ബി.ഐ അവസാനിപ്പിക്കണം. ബാങ്കുകൾക്കും കർഷകർക്കും ഗുണം ചെയ്യാത്ത എസ്.ബി.ഐ-അദാനി പോലുള്ള സംയുക്ത വായ്പ ധാരണകൾ പുനഃപരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. മുതിർന്ന മാധ്യമ പ്രവർത്തകൻ പി. സായ്നാഥ്, അഭിഭാഷക ഇന്ദിര ജെയ്സിങ്, പ്രഫ. പ്രഭാത് പട്നായിക്, ഡോ. സി.പി. ചന്ദ്രശേഖരർ, ജസ്റ്റിസ് ഹരി പരാന്തമൻ, വെങ്കിടേഷ് ആത്രേയ, കെ.പി. ഫാബിയാൻ, ഡോ. ടി.എം. തോമസ് ഐസക് ഉൾപ്പെടെ പ്രമുഖ വ്യക്തികളും ദലിത് ആദിവാസി ശക്തി അധികാർ മഞ്ചുപോലുള്ള സംഘടനകളും ബാങ്കിങ് മേഖലയിലെ സംഘടന നേതാക്കളുമടക്കം 71 പേരാണ് ആർ.ബി.ഐയോട് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.