ചെന്നൈ: വാടക ഗർഭധാരണത്തിലൂടെ നയൻതാര-വിഗ്നേഷ് ശിവൻ താരദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ പിറന്നതിന് പിന്നാലെ വിവാദവും. തമിഴ്നാട് ആരോഗ്യ മന്ത്രി എം. സുബ്രമണ്യൻ വിളിച്ചുകൂട്ടിയ വാർത്തസമ്മേളനത്തിനിടെയാണ് മാധ്യമപ്രവർത്തകർ വിഷയം ശ്രദ്ധയിൽപ്പെടുത്തിയത്.
വാടക ഗർഭധാരണ നിയമങ്ങൾ പാലിച്ചാണോ താരദമ്പതികൾ കുഞ്ഞുങ്ങളെ സ്വന്തമാക്കിയതെന്നായിരുന്നു ചോദ്യം. ഇതു സംബന്ധിച്ച് സംസ്ഥാന മെഡിക്കൽ കോളജ് ഡയറക്ടറേറ്റ് ഇവരോട് വിശദീകരണമാവശ്യപ്പെടുമെന്നായിരുന്നു മറുപടി. താര ദമ്പതികൾക്ക് നിയമപരിരക്ഷ ലഭിക്കുമെന്നും ഇല്ലെന്നും അഭിപ്രായമുയർന്നിട്ടുണ്ട്.
2022 ജനുവരി 25 മുതൽ രാജ്യത്ത് വാണിജ്യാടിസ്ഥാനത്തിൽ വാടക ഗർഭധാരണം നിയമപരമായി നിരോധിച്ചിട്ടുണ്ട്. 21-36 വയസ്സ് പ്രായമുള്ള വിവാഹിതക്ക് ഭർത്താവിന്റെ സമ്മതത്തോടെ മാത്രമെ അണ്ഡം ദാനം ചെയ്യാനാവൂ. വിവാഹം കഴിഞ്ഞ് അഞ്ചു വർഷം പൂർത്തിയായിട്ടും കുഞ്ഞുണ്ടാവാത്ത നിലയിൽ മാത്രമെ വാടക ഗർഭധാരണത്തിന് അനുമതിയുള്ളു.
വാടക ഗർഭധാരണം നടത്തുന്ന സ്ത്രീക്ക് ദമ്പതികളുമായി ജനിതക ബന്ധമുണ്ടായിരിക്കണം. ഇത്തരം നിരവധി നിബന്ധനകൾ നിലനിൽക്കെ നയൻതാരക്കും വിഗ്നേഷ് ശിവനും വിവാഹം കഴിഞ്ഞ് നാലു മാസത്തിനകം വാടക ഗർഭധാരണം സാധ്യമായതാണ് വിവാദമായിരിക്കുന്നത്. ജൂണിലാണ് നയൻതാരയും വിഗ്നേഷും വിവാഹിതരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.