ന്യൂഡൽഹി: കാഴ്ച മങ്ങുകയും വായന ദുഷ്കരമാവുകയും ചെയ്യുന്ന ‘പ്രസ് മയോപിയ’ എന്ന അവസ്ഥയെ താൽക്കാലികമായി പരിഹരിക്കാനുതകുന്ന തുള്ളിമരുന്നിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നൽകി.
40-60 വയസ്സിനിടയിലുള്ളവർക്കാണ് പ്രസ്ബയോപിയ ഉണ്ടാവുന്നത്. ഇത് ബാധിക്കുന്നയാൾക്ക് അടുത്തുള്ള വസ്തുക്കൾ മങ്ങിയാണ് കാണപ്പെടുക. കണ്ണിന്റെ ലെൻസിനും സിലിയറി പേശികൾക്കും ക്രമേണ വഴക്കം നഷ്ടപ്പെടുന്നതാണ് കാരണം. ഇതോടെ വായനയിൽ കാഴ്ച കേന്ദ്രീകരിക്കാനാവാതെ വരുകയും തലവേദനയടക്കമുള്ള അസ്വസ്ഥതകൾക്ക് കാരണമാവുകയും ചെയ്യും. കണ്ണട ഉപയോഗിച്ചാണ് ഈ അവസ്ഥയെ മറികടക്കുന്നത്. തുള്ളിമരുന്ന് കണ്ണിലൊഴിച്ച് 15 മിനിറ്റിനുശേഷം മണിക്കൂറോളം കാഴ്ച സാധാരണ നിലയിലാവുമെന്നാണ് കമ്പനിയുടെ അവകാശവാദം.
സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ) വിദഗ്ധ സമിതി(എസ്.ഇ.സി) ശിപാർശയനുസരിച്ചാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) തുള്ളിമരുന്നിന് അന്തിമ അനുമതി നൽകിയത്. മുംബൈ ആസ്ഥാനമായുള്ള എന്റോഡ് ഫാർമസ്യൂട്ടിക്കൽസാണ് പ്രസ്വു എന്നപേരിൽ മരുന്ന് പുറത്തിറക്കുന്നത്. ഒക്ടോബർ മുതൽ വിപണിയിൽ ലഭ്യമാകുന്ന മരുന്നിന് 350 രൂപയാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.