തന്‍റെ മോചനത്തിനായി വർഷങ്ങളോളം നിയമ പോരാട്ടം നടത്തിയ അമ്മക്ക് നന്ദി അറിയിച്ച് പേരറിവാളൻ

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ 31 വർഷത്തെ ജയിൽവാസത്തിന് ശേഷം സുപ്രീം കോടതി മോചിപ്പിച്ച പേരറിവാളൻ വർഷങ്ങളോളം തന്‍റെ മോചനത്തിനായി നിയമപോരാട്ടം നടത്തിയ അമ്മക്ക് നന്ദി അറിയിച്ചു. 74കാരിയായ അമ്മയുടെ ത്യാഗങ്ങളും അവരുടെ നിരന്തരമായ പരിശ്രമങ്ങളുമാണ് സുപ്രീം കോടതിയെ തന്നെ മോചിപ്പിക്കുന്നതിലേക്ക് നയിച്ചതെന്ന് പേരറിവാളൻ പറഞ്ഞു.

തന്‍റെ മോചനത്തിനായി പോരാടിയപ്പോൾ അമ്മക്ക് നിരവധി അപമാനങ്ങൾ നേരിടേണ്ടി വരികയും ഒരുപാട് വേദനകൾ സഹിക്കേണ്ടതായും വന്നു. എങ്കിലും അവർ 30 വർഷത്തോളം ഒരു ഇടവേള പോലുമില്ലാതെ തന്‍റെ മോചനത്തിനായി പോരാടി കൊണ്ടിരുന്നു. തങ്ങളുടെ ഭാഗത്തുള്ള സത്യവും നീതിയുമാണ് അമ്മക്കും തനിക്കും പോരാടാനുള്ള ശക്തി നൽകിയതെന്നും പേരറിവാളൻ കൂട്ടിച്ചേർത്തു.

മകന്‍റെ മോചനത്തിന് വേണ്ടി തന്നെ പിന്തുണച്ച തമിഴ്നാട് സർക്കാർ ഉൾപ്പടെ നിരവധി ആളുകൾക്ക് അമ്മ അർപ്പുതമ്മാൾ നന്ദി അറിയിച്ചു. ജയിലിൽ കഴിയുന്ന മകന്‍റെ മോചനത്തിനായി 30 വർഷത്തോളം കോടതികളിൽ ഹരജി സമർപ്പിച്ചത് അർപ്പുതമ്മാളാണ്. മകന്‍റെ മോചനത്തിനായി തമിഴ്നാട്ടിലെ ജോലാർപേട്ടയിലെ തന്‍റെ വീട്ടിൽ നിന്ന് രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിലെത്തി നിരവധി നേതാക്കളെ നേരിൽ കണ്ട് മകന്‍റെ മോചനത്തിനായി പിന്തുണക്കണമെന്ന് അവർ അഭ്യർഥിച്ചിരുന്നു.

1991 അറസ്റ്റിലായതിന് ശേഷം 2017ലാണ് പേരറിവാളന് ആദ്യമായി പരോൾ ലഭിക്കുന്നത്. 1991 മെയ് 21നാണ് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വെച്ച് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.

Tags:    
News Summary - "Faced Insults, Fought On": Rajiv Gandhi Killer On Mother's Long Struggle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.