വെർച്വലായി കേസ് പരിഗണിക്കുന്നതിനിടെ സാങ്കേതിക തകരാർ; ഹരജിക്കാരിയെ ഫോണിൽ വിളിച്ച് വാദം കേട്ട് സുപ്രീംകോടതി

ന്യൂഡൽഹി: വെർച്വലായി വാദം കേൾക്കുന്നതിനിടെ സാങ്കേതിക തകരാർ കാരണം ഹരജിക്കാരിയെ ഫോണിൽ വിളിച്ച് സുപ്രീംകോടതി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഹരജിക്കാരിയെ ഫോണിൽ വിളിച്ച് വാദം തുടർന്നത്. 2018 -2019 അധ്യയന വർഷത്തിൽ ഇൻഷ്വേർഡ് പേഴ്സൻസ് ക്വാട്ടയിലെ ഒ.ബി.സി വിഭാഗത്തിൽ എം.ബി.ബി.എസ് സീറ്റ് നീഷേധിച്ചതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് അസാധാരണ സംഭവം.

വിഡിയോ കോൺഫറൻസിലൂടെ പരാതിക്കാരിയുടെ വാദം കേട്ടുകൊണ്ടിരിക്കെ സാങ്കേതിക തകരാറുകാരണം യുവതി പറയുന്നത് ശരിയായി കേൾക്കാൻ കഴിഞ്ഞില്ല. തുടർന്ന് കോടതി ഹരജിക്കാരിയെ ഫോണിൽ വിളിക്കുകയും വാദം കേൾക്കുന്നത് തുടരുകയുമായിരുന്നു. ഹരജിക്കാരിയുടെ വാദം സ്പീക്കറിലിടുകയും ചെയ്തിരുന്നു.

ഹരജി തീർപ്പാക്കിയ കോടതി യോഗ്യത മാനദണ്ഡങ്ങൾ അനുസരിച്ച് അടുത്ത നീറ്റ് പരീക്ഷക്ക് ഹാജരാവാൻ വിദ്യാർഥിക്ക് സ്വാതന്ത്ര്യമുണ്ടെന്നും നിയമത്തിനെതിരായി പ്രവേശനം നിഷേധിക്കുകയാണെങ്കിൽ കോടതിയെ സമീപിക്കാമെന്നും നിർദേശം നൽകി.

നേരത്തെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സുപ്രീംകോടതി കോടതി നടപടിക്രമങ്ങൾ വെർച്വലാക്കിയിരുന്നു. ഇതോടെ അഭിഭാഷകർക്കും ഹരജിക്കാർക്കും എവിടെനിന്നും തങ്ങളുടെ കേസിനായി കോടതിയിൽ ഹാജരാവാൻ സാധിക്കും.

Tags:    
News Summary - Facing technical glitches, SC hears arguments of lady petitioner on cell phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.