FACT CHECK: ഇന്ത്യ പെ​ട്രോൾ വില കുറവുള്ള രാജ്യമെന്ന് മന്ത്രി ഹർദീപ്സിങ്​പുരി; യാഥാർഥ്യമെന്ത്?

''അന്താരാഷ്ട്ര തലത്തിൽ നോക്കിയാൽ പെ​ട്രോൾ വില ഏറ്റവും താഴ്ന്നു നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ്​ ഇന്ത്യ''  -പെട്രോളിയം ഉൽപന്നങ്ങളുടെ വില കുറക്കാത്തതിനെതിരെ ഇന്ന് പാർലമെന്റിൽ പ്രതിഷേധം കനത്തപ്പോൾ മന്ത്രി ഹർദീപ്സിങ്​പുരി ലോക്സഭയിൽ പറഞ്ഞതാണിത്.

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില കുറഞ്ഞതിനൊത്ത്​ ഇന്ത്യൻ വിപണിയിൽ പെട്രോളിയം ഉൽപന്നങ്ങൾക്ക്​ വില കുറയാത്തത്​ എന്തുകൊണ്ടാണെന്ന കേരളത്തിൽനിന്നുള്ള പാർലമെന്റംഗം കെ. മുരളീധരന്‍റെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് മന്ത്രിയുടെ അവകാശവാദം.

കൂടാതെ​ പ്രതിപക്ഷ സംസ്ഥാനങ്ങളെ മന്ത്രി പഴിചാരുകയും ചെയ്തു. പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ എക്​സൈസ്​ തീരുവ കുറച്ചിട്ടും സംസ്ഥാനം ഈടാക്കുന്ന മൂല്യവർധിത നികുതി (വാറ്റ്​) ആനുപാതികമായി കുറക്കാൻ കേരളം, പശ്​ചിമ ബംഗാൾ, തമിഴ്​നാട്​, ഝാർഖണ്ഡ്​, ആന്ധ്രപ്രദേശ്​, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ തയാറായില്ലെന്നും അത്​ വിലവർധനവിന്​ കാരണമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. പ്രതിപക്ഷ എം.പിമാർ അതാതു സംസ്ഥാന സർക്കാറുകളോട്​ വാറ്റ്​ കുറച്ച്​ ജനങ്ങൾക്ക്​ ആശ്വാസം നൽകാൻ പറയണമെന്ന്​ മന്ത്രി നിർദേശിച്ചു.

കേന്ദ്രസർക്കാറിന്‍റെ ഉത്തരവാദിത്തം കൈയൊഴിഞ്ഞ്​ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തിയ മന്ത്രിയുടെ വിവാദ പരാമർശത്തിനെതിരെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയാണ് പ്രതിഷേധിച്ചത്. കോൺഗ്രസ്​, ഡി.എം.കെ, തൃണമൂൽ കോൺഗ്രസ്​ തുടങ്ങി പ്രതിപക്ഷ പാർട്ടികൾക്കൊപ്പം വൈ.എസ്​.ആർ കോൺഗ്രസും ഇറങ്ങിപ്പോക്കിൽ പ​ങ്കെടുത്തു.

അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സ്ഥാനം

ലോകരാജ്യങ്ങലെ എണ്ണവില നിലവാരം കൃത്യമായി രേഖപ്പെടുത്തുന്ന ആധികാരിക വെബ് സൈറ്റാണ് globalpetrolprices.com. കേന്ദ്ര മന്ത്രി ഹർദീപ്സിങ്​പുരി പറഞ്ഞത് അന്താരാഷ്ട്ര തലത്തിൽ പെ​ട്രോൾ വില ഏറ്റവും താഴ്ന്നു നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ്​ ഇന്ത്യ എന്നാണ്. എന്നാൽ, ഗ്ലോബൽ പെ​ട്രോൾ പ്രൈസസ് ഡിസംബർ 12ന് പ്രസിദ്ധീകരിച്ച കണക്കുപ്രകാരം 168 രാജ്യങ്ങളിലെ വിലനിലവാരത്തിൽ 79ാം സ്ഥാനത്താണ് ഇന്ത്യ. 104.18 രൂപയാണ് ലിറ്ററിന് വില.

എന്നാൽ, ഇന്ത്യയുടെ അയൽ രാജ്യമായ ബർമയിൽ 81.77 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് വില. പട്ടികയിൽ 36ാം സ്ഥാനത്താണ് ഇവർ. മറ്റൊരു അയൽരാജ്യമായ ഭൂട്ടാനിലാകട്ടെ 82.18 രൂപയാണ് വില. ഇവർ പട്ടികയിൽ 38ാം സ്ഥാനത്തും 82.33 രൂപയുള്ള പാകിസ്താൻ 39ാം സ്ഥാനത്തുമാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ചൈന, ബംഗ്ലാദേശ്, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളിലും നമ്മുടെ രാജ്യത്തുള്ളതിനേക്കാൾ വിലക്കുറവിലാണ് പൗരൻമാർക്ക് ഇന്ധനം നൽകുന്നത്. ആഭ്യന്തരകലാപം മൂലം തകർന്നടിഞ്ഞ ശ്രീലങ്കയാണ് നമുക്ക് പിറകിലുള്ള ഒരു അയൽ രാജ്യം. പട്ടികയിൽ 95ാം സ്ഥാനത്തുള്ള അവിടെ ലിറ്ററിന് 114.41രൂപയാണ് വില.

പനാമ, സിംബാബ്‌വെ, കാമറൂൺ, ഉസ്ബെക്കിസ്ഥാൻ, എത്യോപ്യ, സുഡാൻ, ദക്ഷിണ കൊറിയ, നമീബിയ, തായ്‌ലൻഡ്, ജോർജിയ, ഐവറി കോസ്റ്റ്, ക്യൂബ തുടങ്ങിയ രാജ്യങ്ങളൊക്കെ ഇന്ത്യയേക്കാൾ മുന്നിലാണ് പട്ടികയിലുള്ളത്.

അന്താരാഷ്ട്ര തലത്തിൽ അസംസ്കൃത എണ്ണക്ക്​ വില കൂടിയതിനാൽ എണ്ണക്കമ്പനികൾക്ക്​ 27,276 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് മന്ത്രി പറയുന്നത്. ഇന്ത്യക്ക്​ ആവശ്യമായ അസംസ്കൃത എണ്ണയിൽ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്​. അതുകൊണ്ടു തന്നെ പെട്രോൾ, ഡീസൽ വില അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക്​ വിധേയമാണ്​. ഇന്ത്യയുടെ പല അയൽ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ത്യക്ക്​ ഊർജ സുരക്ഷിതത്വമുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Fact check: Minister Hardeepsinghpuri says currently the petrol price in India is one of the lowest; What is reality?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.