മുംബൈ: മഹാരാഷ്ട്രയിലെ മുൻ ബി.ജെ.പി എം.പി കിരിത് സോമയ്യയുടെ അശ്ലീല വിഡിയോ പുറത്തുവന്നത് സംസ്ഥാനത്ത് പാർട്ടിയെ വെട്ടിലാക്കി. ഒരു സ്ത്രീയുമായുള്ള വിഡിയോ കോളിൽ നഗ്നതാപ്രദർശനം നടത്തുന്ന ദൃശ്യങ്ങൾ ഒരു മറാത്തി ചാനലാണ് പുറത്തുവിട്ടത്.
വിവാദമായതോടെ വിഷയം അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു. നഗ്നതാ പ്രദർശനത്തിനൊപ്പം അശ്ലീല സംഭാഷണവും സോമയ്യ നടത്തുന്നത് വിഡിയോയിലുണ്ട്. ഇത്തരം 35ഓളം വിഡിയോ ദൃശ്യങ്ങള്‍ ലഭിച്ചെന്ന് ചാനൽ അവകാശപ്പെട്ടു. പ്രതിപക്ഷ നേതാവും ശിവസേന (യു.ബി.ടി) എം.എൽ.സിയുമായ അംബാദാസ് ദാനവെ വിഷയം ലെജിസ്ലേറ്റീവ് കൗൺസിൽ ഉന്നയിച്ചു. എട്ട് മണിക്കൂറിലധികമുള്ള വിഡിയോ ക്ലിപ്പുകൾ അടങ്ങിയ പെൻഡ്രൈവ് ദാനവെ ഫഡ്‌നാവിസിന് കൈമാറി.
സോമയ്യയുടെ സി.ഐ.എസ്.എഫ് സുരക്ഷ പിൻവലിക്കണമെന്ന് ശിവസേന ഉദ്ധവ് പക്ഷം ആവശ്യപ്പെട്ടു. സ്ത്രീകളെ ഭീഷണിപ്പെടുത്താനും ചൂഷണം ചെയ്യാനും സോമയ്യ തന്റെ സുരക്ഷ ദുരുപയോഗം ചെയ്തെന്ന് ശിവസേന ആരോപിച്ചു. കേന്ദ്ര ഏജൻസികളിലെ വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നും സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ശിവസേന ആവശ്യപ്പെട്ടത്.
സ്ത്രീ സുരക്ഷയെക്കുറിച്ച് ബി.ജെ.പി നേതാക്കൾക്ക് ഇനി എന്താണ് പറയാനുള്ളതെന്ന് കോൺഗ്രസ് നേതാക്കള്‍ ചോദിച്ചു. ബി.ജെ.പി നേതാക്കളുടെ യഥാർഥ മുഖമാണ് ഇത്തരം സംഭവങ്ങളിലൂടെ പുറത്തുവരുന്നതെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. അതേസമയം, വിഡിയോ പുറത്തുവിട്ടതിൽ അന്വേഷണം ആവശ്യപ്പെട്ട് കിരിത് സോമയ്യ ദേവേന്ദ്ര ഫട്നവിസിന് കത്തയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.