ഷിൻഡെ സംസാരിക്കുമ്പോൾ മൈക്ക് തട്ടിപ്പറിച്ച് ഫഡ്നാവിസ്; 'ആത്മാഭിമാനം വിറ്റത് എത്ര കോടിക്കെന്ന്' സോഷ്യൽ മീഡിയ -വിഡിയോ

മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള എം.വി.എ സർക്കാറിനെ അട്ടിമറിച്ച് ശിവസേന വിമതരും ബി.ജെ.പിയും ചേർന്ന് സർക്കാറുണ്ടാക്കിയപ്പോൾ മുഖ്യമന്ത്രിയാവുക ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് ആയിരിക്കുമെന്നായിരുന്നു ശക്തമായ അഭ്യൂഹം. മഹാരാഷ്ട്രയിലെ ബി.ജെ.പി നീക്കങ്ങൾക്കെല്ലാം ചുക്കാൻപിടിക്കുന്ന ഫഡ്നാവിസ് തന്നെയാവും മുഖ്യമന്ത്രിയെന്ന് ഏറെക്കുറെ ഉറപ്പിച്ച സാഹചര്യത്തിലായിരുന്നു ശിവസേന വിമതരുടെ നേതാവ് ഏക്നാഥ് ഷിൻഡെയുടെ വിലപേശൽ. ഇതോടെ, ഷിൻഡെ മുഖ്യമന്ത്രിയും ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയുമായി. മന്ത്രിസഭ അധികാരത്തിലേറി നാളുകൾ പിന്നിട്ടിട്ടും ഇരുവർക്കുമിടയിൽ മഞ്ഞുരുകിയിട്ടില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മന്ത്രിസഭയിൽ താൻ ഉണ്ടാവില്ലെന്നായിരുന്നു ഫഡ്നാവിസിന്‍റെ ആദ്യ നിലപാട്. എന്നാൽ, പിന്നീട് ബി.ജെ.പി മുതിർന്ന നേതാക്കൾ ഇടപെട്ട് ശാന്തനാക്കിയാണ് ഫഡ്നാവിസിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തെത്തിച്ചത്. താൻ ഒന്ന് അപേക്ഷിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രിയാകാമായിരുന്നെന്നും താനില്ലെങ്കിൽ സർക്കാറിന്‍റെ പ്രവർത്തനം കാര്യക്ഷമമാകില്ലെന്ന് പറഞ്ഞതിനാലാണ് ഉപമുഖ്യമന്ത്രി പദം ഏറ്റെടുത്തതെന്നും ഫഡ്നാവിസ് വ്യക്തമാക്കിയിരുന്നു.


Full View

ഏക്നാഥ് ഷിൻഡെയും ദേവേന്ദ്ര ഫഡ്നാവിസും തമ്മിലുള്ള കൊമ്പുകോർക്കൽ രൂക്ഷമാണെന്ന് തെളിയിക്കുകയാണ് പുതിയ സംഭവങ്ങൾ. വാർത്താസമ്മേളനത്തിൽ ഏക്നാഥ് ഷിൻഡെ സംസാരിച്ചുകൊണ്ടിരിക്കെ മൈക്ക് പിടിച്ചുവാങ്ങി സംസാരിക്കുന്ന ഫഡ്നാവിസിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.


തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെ ഉൾപ്പെടെ വിഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. 'മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ ഉപമുഖ്യമന്ത്രി മൈക്ക് തട്ടിപ്പറിക്കുന്നു. ഇത് മഹാരാഷ്ട്രയിലെ ഓരോ പൗരനെയും അപമാനിക്കലാണ്. ആത്മാഭിമാനത്തിന് എത്ര കോടിയാണ് വില' -ഗോഖലെ ട്വീറ്റിൽ ചോദിച്ചു.

ബി.ജെ.പി കോടികളൊഴുക്കി ശിവസേന വിമതരെ വിലക്ക് വാങ്ങിയാണ് സർക്കാറിനെ അട്ടിമറിച്ചത് എന്ന ആരോപണങ്ങളുണ്ടായിരുന്നു. ഇത് സൂചിപ്പിച്ചായിരുന്നു ഗോഖലെയുടെ ട്വീറ്റ്. 

Tags:    
News Summary - Fadnavis snatches the mic away from shinde

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.