ചെന്നൈ: വ്യാജ അഭിഭാഷകരെ കണ്ടെത്താനുള്ള പരിശോധനയിൽ കുടുങ്ങിയത് വ്യാജ ന്യായാധിപൻ. സുപ്രീംകോടതി നിർേദശപ്രകാരം തമിഴ്നാട്-പുതുച്ചേരി ബാർ കൗൺസിൽ നടത്തിയ പരിശോധനയിലാണ് അംഗീകാരമില്ലാത്ത നിയമബിരുദവുമായി 21 വർഷം ജുഡീഷ്യൽ മജിസ്ട്രേറ്റ് പദവി വഹിച്ച പി. നടരാജൻ കുടുങ്ങിയത്.
മധുര ഉലഗനേരി സ്വദേശിയായ ഇയാൾ 2003 ജൂൺ 30ന് വിരമിച്ചു. പെൻഷൻ വാങ്ങി കഴിയവെയാണ് തട്ടിപ്പ് പുറത്തായത്.1982-ൽ ജുഡീഷ്യൽ മജിസ്ട്രേറ്റായ നടരാജൻ വിരമിച്ചശേഷം ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. സുപ്രീംകോടതി നിർദേശമനുസരിച്ച്, വിദ്യാഭ്യാസരേഖകൾ ഹാജരാക്കാൻ ബാർ കൗൺസിൽ ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. നോട്ടീസിന് നടരാജെൻറ മറുപടിയും ഞെട്ടിക്കുന്നതായിരുന്നു. ‘‘ 21 വർഷം ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉൾപ്പെടെ കാൽ നൂറ്റാണ്ട് ജുഡീഷ്യൽ സർവിസിൽ പ്രവർത്തിച്ച തെൻറ എൻറോൾമെൻറ് റദ്ദാക്കുന്നത് ശരിയായ നടപടിയല്ല. മൈസൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ശാരദ ലോ കോളജിൽ നിന്ന് വിദൂരവിദ്യാഭ്യാസപദ്ധതി പ്രകാരമാണ് ബി.ജി.എൽ കോഴ്സ് പൂർത്തിയാക്കിയത്. കോഴ്സിെൻറ മൂന്നാം വർഷമാണ് ക്ലാസിൽ ഹാജരായത്. ബിരുദത്തിന് അംഗീകാരമില്ലെന്ന് അറിയില്ലായിരുന്നു’’.
വ്യാജ അഭിഭാഷകരെ കണ്ടെത്തി പുറത്താക്കാൻ സുപ്രീംകോടതി നിർദേശപ്രകാരമാണ് ബാർ കൗൺസിൽ അംഗങ്ങളുടെ സർട്ടിഫിക്കറ്റ് പരിശോധിച്ചുതുടങ്ങിയത്. ആകെ 90,000 പേരാണ് കൗൺസിൽ അംഗങ്ങൾ. ഇതിൽ 56,000 പേർ സർട്ടിഫിക്കറ്റുകൾ പരിശോധനക്ക് നൽകിയതിൽ 4000 പേർ വേണ്ടത്ര യോഗ്യതയില്ലാത്തവരാണെന്നും 2000 പേർ വ്യാജന്മാരാണെന്നും കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.