ജയ്പുർ: ബലാത്സംഗ കേസിൽ ഗുർമീത് റാം റഹീം സിങ് തടവറയിലായതിനു പിന്നാലെ സമാന കേസിൽ മറ്റൊരു ആൾദൈവം അറസ്റ്റിൽ. അൽവാറിലെ സ്വാമി കൗശലേന്ദ്ര പ്രപന്നാചാരി ഫലാഹാരി മഹാരാജാണ് (70) പിടിയിലായത്. ആശ്രമത്തിൽവെച്ച് നിയമ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തെന്നാണ് കേസ്. 21കാരിയായ ഛത്തിസ്ഗഢ് ബിലാസ്പുർ സ്വദേശിനി സെപ്റ്റംബർ 11ന് പൊലീസിൽ പരാതി നൽകിയിരുന്നു. അറസ്റ്റിലായ ആൾദൈവത്തെ അൽവാറിലെ അഡീഷനൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 15 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പൊലീസ് അന്വേഷിച്ച് എത്തിയപ്പോൾ ഇയാൾ അൽവാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്ന് അരാവലി പൊലീസ് പറഞ്ഞു. ചോദ്യംചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കി.
ആഗസ്റ്റ് ഏഴിന് ഫലാഹാരി മഹാരാജെൻറ അൽവാറിലുള്ള മധുസൂദൻ ആശ്രമത്തിലായിരുന്നു സംഭവം. ജയ്പുരിൽ നിയമ ബിരുദത്തിന് പഠിക്കുന്ന യുവതിയുടെ മാതാപിതാക്കൾ ഏഴു വർഷമായി ഫലാഹാരിയുടെ ഭക്തരായിരുന്നു. ഫലാഹാരിയുടെ ശിപാർശയിൽ യുവതിക്ക് ന്യൂഡൽഹിയിലുള്ള മുതിർന്ന അഭിഭാഷകെൻറ കീഴിൽ പരിശീലനത്തിന് അവസരം ലഭിച്ചു.
3000 രൂപയായിരുന്നു പ്രതിഫലം. ഇൗ തുക ആശ്രമത്തിന് സംഭാവനയായി നൽകാൻ മാതാപിതാക്കൾ ആവശ്യപ്പെട്ടു. ഇതേതുടർന്ന് രക്ഷാബന്ധൻ ദിവസം തുക ഏൽപിക്കാൻ എത്തിയ പെൺകുട്ടിയോട് ആ ദിവസം ആശ്രമത്തിൽ കഴിയാൻ ആവശ്യപ്പെട്ടു. അന്ന് രാത്രി മുറിയിലേക്ക് വിളിച്ചുവരുത്തി ഫലാഹാരി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ഇക്കാര്യം പുറത്തുപറയരുതെന്നും ധിക്കരിച്ചാൽ ദ്രോഹിക്കുമെന്നും ഭീഷണിപ്പെടുത്തി.
തുടർന്ന് വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളോട് വിവരം പറയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാനിയമം 376 (ബലാത്സംഗം), 506 (ഭീഷണിപ്പെടുത്തൽ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫലാഹാരിക്ക് രാജ്യത്തിനകത്തും പുറത്തും അനേകം ഭക്തരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.