ന്യൂഡൽഹി: മൂന്നുവർഷം മുമ്പ് ഇറാഖിൽ െഎ.എസ് ഭീകരർ തട്ടിക്കൊണ്ടുപോയെന്ന് പറയുന്ന 39 ഇന്ത്യക്കാരുടെ ബന്ധുക്കൾക്ക് ഡി.എൻ.എ പരിശോധന. പരിശോധനക്ക് വിധേയമാകാൻ ശനിയാഴ്ചയാണ് സർക്കാർ ഇവർക്ക് നിർദേശം ലഭിച്ചത്. എന്തിനാണ് പരിശോധനയെന്ന് അധികൃതർ വ്യക്തമാക്കാത്തത് ബന്ധുക്കളെ കൂടുതൽ ആശങ്കയിലാക്കി. കാണാതായവരിൽ ഭൂരിഭാഗവും പഞ്ചാബുകാരാണ്. 2014ലാണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൂസിലിൽനിന്ന് 39 പേരെ തട്ടിക്കൊണ്ടുപോയത്. ആഭ്യന്തര സംഘർഷം രൂക്ഷമാവുകയും മൂസിലിെൻറ നിയന്ത്രണം െഎ.എസ് പിടിച്ചെടുക്കുകയും ചെയ്തതിനെ തുടർന്ന് ഇവർ നഗരംവിടാൻ ശ്രമിക്കുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയത്. എല്ലാവരും നിർമാണ ജോലിക്കാരാണ്.
ഇതിനുശേഷം ഇവരെ കുറിച്ച് വ്യക്തമായി ഒരു വിവരവും ലഭിച്ചിട്ടില്ല. ഇറാഖ് സൈന്യം െഎ.എസിനെ തുരത്തി മൂസിൽ മോചിപ്പിച്ച ഉടൻ ഇന്ത്യക്കാരെ കുറിച്ച് അന്വേഷിക്കാൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, സഹമന്ത്രി വി.കെ. സിങ്ങിനെ ബഗ്ദാദിലേക്ക് അയച്ചിരുന്നു. ഇവർ മൂസിൽ ജയിലിൽ ഉണ്ടെന്നും ഉടൻ മോചനം സാധ്യമാകുമെന്നുമാണ് വി.കെ. സിങ് റിപ്പോർട്ട് നൽകിയത്. ഒരു കെട്ടിടത്തിൽ താമസിപ്പിച്ച ഇന്ത്യക്കാരെ ആശുപത്രി നിർമാണത്തിന് െഎ.എസ് ഉപയോഗപ്പെടുത്തിയെന്നും പിന്നീട് കൃഷിയിടത്തിൽ താമസിപ്പിച്ചശേഷം ബാദുഷ് ജയിലിൽ അടച്ചെന്നും ഇറാഖി ഉദ്യോഗസ്ഥരെയും രഹസ്യാന്വേഷണ വിഭാഗത്തെയും ഉദ്ധരിച്ച് സിങ് റിപ്പോർട്ട് ചെയ്തു. ഇക്കാര്യം ബന്ധുക്കളെ നേരിട്ടു വിളിച്ചുവരുത്തി സുഷമ സ്വരാജ് അറിയിച്ചു.
എന്നാൽ, ഇന്ത്യക്കാരെ കുറിച്ച് കൃത്യമായ വിവരമില്ലെന്നാണ് ഇൗ വർഷം ജൂലൈയിൽ ന്യൂഡൽഹിയിലെത്തിയ ഇറാഖ് വിദേശകാര്യ മന്ത്രി ഇബ്രാഹിം അൽ ജഅ്ഫരി പറഞ്ഞത്. ഇതോടെ കേന്ദ്ര സർക്കാറിന് ലഭിച്ച വിവരങ്ങൾ തെറ്റാണെന്ന് വ്യക്തമായി. കാണാതായവർ ജീവിച്ചിരിപ്പുണ്ടെന്നുതന്നെയാണ് വിശ്വാസമെന്ന് ഇൗയിടെ സുഷമ സ്വരാജ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.