കടപ്പയിൽ കുടുംബപ്പോര്; മത്സരം വൈ.എസ്. ശാർമിളയും വൈ.എസ്. അവിനാശ് റെഡ്ഡിയും തമ്മിൽ

അമരാവതി: ആന്ധ്രയിലെ കടപ്പയിൽ കോൺഗ്രസ് സ്ഥാനാർഥിയായി വൈ.എസ്. ശാർമിളയെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ അരങ്ങൊരുങ്ങുന്നത് കുടുംബപോരിന്. ശാർമിളയുടെ പിതൃസഹോദര പുത്രനും വൈ.എസ്.ആർ കോൺഗ്രസ് എം.പിയുമായ വൈ.എസ്. അവിനാശ് റെഡ്ഡിയാണ് എതിർസ്ഥാനാർഥി. കടപ്പ മണ്ഡലം വൈ.എസ്.ആർ കുടുംബത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. ജഗൻ റെഡ്ഡി, രാജശേഖർ റെഡ്ഡി, വിവേകാനന്ദ റെഡ്ഡി തുടങ്ങിയവർ ഈ മണ്ഡലത്തെ വിവിധ കാലങ്ങളിൽ പ്രതിനിധീകരിച്ചിട്ടുണ്ട്.

ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരികൂടിയായ ശാർമിളയുടെ സ്ഥാനാർഥിത്വം വൈ.എസ്.ആർ കുടുംബത്തിനുള്ളിലുണ്ടായിരുന്ന കലഹം രാഷ്ട്രീയ പോരാട്ടമായികൂടി മാറിയിരിക്കുകയാണ്. വൈ.എസ്.ആർ കോൺഗ്രസ് വിട്ട് വൈ.എസ്.ആർ തെലങ്കാന പാർട്ടി രൂപവത്കരിച്ച ശാർമിള പിന്നീട് സ്വന്തം പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കുകയായിരുന്നു. പിന്നീട് അവർ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷയുമായി.

ഇതിനിടെ, അമ്മാവനും മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖർ റെഡ്ഡിയുടെ സഹോദരനുമായ വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം കുടുംബത്തിൽ പുതിയൊരു കലഹത്തിന് തുടക്കമിട്ടു. 2019 മാർച്ചിലായിരുന്നു കൊലപാതകം. കേസിൽ അവിനാശും അദ്ദേഹത്തിന്റെ പിതാവ് ഭാസ്കർ റെഡ്ഡിയും പ്രതികളാണ്. വിവേകാനന്ദ റെഡ്ഡിയുടെ നീതിക്കായി പോരാടുമെന്നാണ് ശാർമിളയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്. സ്ഥാനാർഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, സംസ്ഥാനത്തെ ‘കൊലപാതക രാഷ്ട്രീയ’ത്തിനെതിരെ ശാർമിള സംസാരിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടു.

മൂന്നാമൂഴത്തിനൊരുങ്ങുന്ന അവിനാശ് നല്ല ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞതവണ ടി.ഡി.പി സ്ഥനാർഥിയെ 3.8 ലക്ഷം വോട്ടുകൾക്കാണ് അദ്ദേഹം തോൽപിച്ചത്.

Tags:    
News Summary - Family feud in Kadappa; fight between Y.S. Sharmila and Y.S Avinash Reddy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.