മയക്കുമരുന്നിന് അടിമ, മകനെ ചങ്ങലയിൽ കെട്ടിയിട്ട് മാതാപിതാക്കൾ

ചണ്ഡീഗഡ്: മക്കൾ മാതാപിതാക്കൾക്ക് തീരാതലവേദനയായാൽ എന്തുചെയ്യും. വഴക്കുപറയും വടിയെടുത്ത് അടികൊടുക്കും. ഇതൊന്നുംകൊണ്ട് ഫലമില്ലെങ്കിൽ അൽപം കടന്നകൈ ചെയ്തെന്നുംവരും. ഇവിടെ മകന്റെ മയക്കുമരുന്ന് ഉപയോഗം കാരണം പൊറുതിമുട്ടിയ മാതാപിതാക്കൾ കണ്ടെത്തിയ ഏക പോംവഴി അൽപം ക്രൂരമാണ്- 'ചങ്ങലയിൽ കെട്ടിയിടുക'. പഞ്ചാബിലെ മോഗ ജില്ലയിലാണ് മയക്കുമരുന്നിന് അടിമയായ 23 വയസുള്ള മകനെ മാതാപിതാക്കൾ കട്ടിലിൽ ചങ്ങലക്ക് കെട്ടിയിട്ടത്. പുറത്ത് പോകുന്നതും മയക്കുമരുന്ന് ഉപയോഗിക്കുന്നതും തടയാൻ ഇതല്ലാതെ വേറെ വഴിയില്ലെന്ന് മാതാപിതാക്കൾ പറയുന്നു. ലഹരിക്ക് അടിമയായി ചികിത്സയിൽ കഴിയുന്ന യുവാവ് ചങ്ങലക്കെട്ടിൽ കഴിയാൻ തുടങ്ങിയിട്ട് എട്ട് ദിവസം കഴിഞ്ഞു.

അഞ്ചാറു വർഷമായി ദിവസവും 800 രൂപയുടെ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി മാതാവ് പറയുന്നു. തൊഴിലാളി കുടുംബത്തിൽപെട്ട യുവാവ് ദിവസക്കൂലി വേതനക്കാരനാണ്. കിട്ടുന്ന കൂലി മുഴുവൻ മയക്കുമരുന്നിന് ചെലവാക്കുകയാണ് പതിവ്. മയക്കുമരുന്ന് വാങ്ങാൻ പണമില്ലാതെ വരുമ്പോൾ വീട്ടുസാധനങ്ങൾ മോഷ്ടിച്ച് വിൽക്കും. പണം ലഭിച്ചില്ലെങ്കിൽ മാതാപിതാക്കളെ ഉപദ്രവിക്കുന്നതും ശീലമായിരുന്നു.

മകൻ എടുത്ത് വിൽക്കാതിരിക്കാൻ ഇപ്പോൾ വീട്ടുസാധനങ്ങളെല്ലാം താക്കോലിട്ട് പൂട്ടി സൂക്ഷിക്കുകയാണ്.

'ഞങ്ങൾ എല്ലാം പൂട്ടി സൂക്ഷിക്കണം. ചിലപ്പോൾ കാലിത്തീറ്റ കൊണ്ടുവരാൻ സഹായിക്കാൻ ഞാൻ അവന്റെ ചങ്ങലകൾ അഴിക്കാറുണ്ടെന്ന് മാതാവ് പറഞ്ഞു. ഗ്രാമത്തിൽ മയക്കുമരുന്ന് സുലഭമാണെന്നും തടയാൻകർശന നടപടി സ്വീകരിക്കണമെന്നും അവർ പഞ്ചാബ് സർക്കാരിനോട് അഭ്യർഥിച്ചു. വർഷങ്ങളായി മയക്കുമരുന്നിന് നിരോധനമുണ്ടെങ്കിലും കോടികൾ വിലവരുന്ന മയക്കുമരുന്ന് പിടികൂടുന്നത് പഞ്ചാബിൽ പതിവാണ്. 

Tags:    
News Summary - Family Keeps Son In Chains To Stop Him From Drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.