അഗ്നിപഥ് പദ്ധതിയിൽ മാറ്റത്തിനൊരുങ്ങി കേന്ദ്രം; കൂടുതൽ പേരെ സ്ഥിരപ്പെടുത്തിയേക്കും

ന്യൂഡൽഹി: സേനകളിലേക്കുള്ള ഹ്രസ്വകാല റിക്രൂട്ട്മെന്‍റ് പദ്ധതിയായ അഗ്നിപഥിൽ മാറ്റങ്ങൾ വരുത്താൻ കേന്ദ്രസർക്കാർ തയാറാകുന്നുവെന്ന് റിപ്പോർട്ട്. സ്ഥിരപ്പെടുത്തുന്ന ആളുകളുടെ എണ്ണത്തിൽ വർധന വരുത്തുക, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉയർത്തുക തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കുമെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. നാല് വർഷ സൈനിക സേവനത്തിനായുള്ള പദ്ധതിയുടെ പേരിൽ പ്രതിപക്ഷ വിമർശനവും ഉദ്യോഗാർഥികളുടെ പ്രതിഷേധവും ശക്തമാകുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍റെ നീക്കം.

നിലവിൽ അഗ്നിവീറുകളായി റിക്രൂട്ട് ചെയ്യപ്പെടുന്നവരിൽ 25 ശതമാനം പേരെ മാത്രമാണ് സ്ഥിരം സർവീസിലേക്ക് പരിഗണിക്കുന്നത്. എന്നാൽ ഇത് സേനയുടെ അംഗബലത്തെ വലിയ തോതിൽ ബാധിക്കുമെന്നാണ് സൈന്യം വിലയിരുത്തൽ. നാലു വർഷ സേവനം പൂർത്തിയാക്കുന്നവരിൽ 50 ശതമാനം പേരം സ്ഥിരപ്പെടുത്തണമെന്ന് കരസേന ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ഇതു സംബന്ധിച്ച ആഭ്യന്തര സർവേക്കു ശേഷം കരസേന പ്രതിരോധ മന്ത്രാലയത്തിന് നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ശിപാർശകൾ നടപ്പാക്കാൻ കാലതാമസം നേരിട്ടേക്കാമെന്നും വിവരമുണ്ട്.

2022ലാണ് ഹ്രസ്വകാല സൈനിക സേവനത്തിനായുള്ള അഗ്നിപഥ് പദ്ധതി കേന്ദ്രം അവതരിപ്പിച്ചത്. നാലുവർഷ സേവനത്തിനു ശേഷം 75 ശതമാനം പേരെയും പിരിച്ചുവിടുന്നതാണ് പദ്ധതി. പത്ത് ശതമാനം വാർഷിക വർധനയോടെയുള്ള ശമ്പളമാണ് നൽകുന്നത്. പിരിയുമ്പോൾ അഗ്നിവീർ കോർപസ് ഫണ്ടിൽനിന്ന് നിശ്ചിത തുക നൽകും. എന്നാൽ സാധാരണ സൈനികർക്ക് ലഭിക്കുന്ന പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ വിരമിക്കുന്ന അഗ്നിവീറുകൾക്ക് ഉണ്ടായിരിക്കില്ല.

പദ്ധതിക്കെതിരെ രാജ്യവ്യാപകമായി വൻ തോതിലുള്ള പ്രതിഷേധമാണ് ഉയർന്നത്. സൈനിക പെൻഷൻ നൽകുന്നത് ഇല്ലാതാക്കി ലാഭം കണ്ടെത്താനുള്ള കേന്ദ്ര നയത്തെ ഉദ്യോഗാർഥികളും പ്രതിപക്ഷ കക്ഷികളും വിമർശിച്ചു. നാല് വർഷത്തിനു ശേഷം യുവാക്കളുടെ ഭാവി എന്താകുമെന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞതിന് പദ്ധതിക്ക് എതിരായ വികാരവും കാരണമായെന്ന് ബി.ജെ.പിക്കുള്ളിലും ചർച്ചയായി. ഇതോടെയാണ് കേന്ദ്രം മാറ്റങ്ങൾ ആലോചിക്കുന്നത്.

Tags:    
News Summary - Centre plans Agnipath scheme tweaks, more Agniveers may be retained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.