വീട്ടിലെ പൂവൻകോഴി ചത്തു; 500 പേരെ പങ്കെടുപ്പിച്ച് മരണാനന്തര ചടങ്ങ് നടത്തി കുടുംബം

ലഖ്നോ: തെരുവുനായിൽ നിന്ന് വീട്ടിലെ ആട്ടിന്‍കുട്ടിയെ രക്ഷിക്കുന്നതിനായി സ്വന്തം ജീവന്‍ ബലികൊടുത്ത പൂവന്‍കോഴിയുടെ മരണാനന്തര ചടങ്ങുകൾ വിപുലമായി നടത്തി കുടുംബം. 500 പേരെ പങ്കെടുപ്പിച്ചാണ് മരണാനന്തര ചടങ്ങുകൾ നടത്തിയത്. കുടുംബാംഗം മരിക്കുമ്പോൾ നടത്താറുള്ള ചടങ്ങുകളെല്ലാം പൂർത്തിയാക്കിയാണ് വീട്ടുകാർ തങ്ങളുടെ പ്രിയപ്പെട്ട പൂവൻകോഴിക്ക് വിടനൽകിയത്. യു.പിയിലെ പ്രതാപ്ഗഢിലാണ് സംഭവം.

ജൂലൈ ഏഴിനാണ് പൂവൻകോഴി തെരുവുനായെ നേരിട്ട് ഗുരുതര പരിക്കേറ്റ് ചത്തത്. 'ലാൽജി' എന്നായിരുന്നു വീട്ടുകാർ ഓമനിച്ചുവളർത്തുന്ന പൂവൻകോഴിയുടെ പേര്. ജൂലൈ ഏഴിന് വീട്ടുമുറ്റത്ത് ബഹളം കേട്ട് വീട്ടുകാരനായ ഡോ. സാലിഗ്രാം സരോജ് ചെന്നുനോക്കിയപ്പോൾ കണ്ടത് ആട്ടിൻകുട്ടിയെ രക്ഷിക്കാൻ തെരുവുനായുമായി ഏറ്റുമുട്ടുന്ന കോഴിയെ ആയിരുന്നു. വീട്ടിലെ ആട്ടിന്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച നായയെയാണ് കോഴി തുരത്താന്‍ ശ്രമിക്കുന്നതെന്ന് ഇദ്ദേഹത്തിന് മനസിലായി. സാരമായി മുറിവേറ്റ ലാല്‍ജി പെട്ടെന്ന് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ലാൽജിയെ വീട്ടിലെ അംഗത്തെപ്പോലെയായിരുന്നു ഇവർ പരിഗണിച്ചിരുന്നത്. പൂവൻകോഴിയുടെ മരണം വീട്ടുകാരിൽ വലിയ ദു:ഖമുണ്ടാക്കി. തുടർന്ന്, കുടുംബാംഗങ്ങൾ മരിക്കുമ്പോൾ നടത്തുന്ന എല്ലാ മരണാനന്തര ചടങ്ങുകളും ലാൽജിക്ക് വേണ്ടിയും ചെയ്യാൻ ഇവർ തീരുമാനിക്കുകയായിരുന്നു. വീട്ടിന് തൊട്ടടുത്തുതന്നെ കോഴിയെ മറവുചെയ്യുകയും ചെയ്തു.

പൂവന്‍ കോഴി മരിച്ചതിന് പിന്നാലെ പതിമൂന്നാം ദിവസം നടത്തിയ 'തറാവീൻ' എന്നറിയപ്പെടുന്ന മരണാനന്തര ചടങ്ങിലേക്കാണ് കുടുംബം ബഹ്ദൗള്‍കാല ഗ്രാമത്തിലെ 500 പേരെ ക്ഷണിച്ചത്. പന്തലൊരുക്കി പരമ്പരാഗതമായ ഭക്ഷണവും പങ്കെടുത്തവർക്ക് വിളമ്പി. പ്രിയപ്പെട്ട പൂവൻകോഴിയുടെ വലിയ ചിത്രവും ചടങ്ങിൽ സ്ഥാപിച്ചിരുന്നു. 

Tags:    
News Summary - Family Organises Terahvin to Mourn Death of Pet Rooster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.