ന്യൂഡൽഹി: മോദിസർക്കാറിെൻറ കാർഷിക ബില്ലുകൾക്കെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമാകുന്നു. ഈ മാസം 25ന് ഭാരത് ബന്ദ് നടത്താനുള്ള നീക്കത്തിലാണ് കർഷക സംഘടനകൾ. അഖിലേന്ത്യ കർഷക സമര ഏകോപന സമിതിയുടെ ആഭിമുഖ്യത്തിലാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ റോഡ് ഉപരോധം അടക്കമുള്ള പ്രതിഷേധം തുടരുന്നുണ്ട്. 24 മുതൽ 26 വരെ ട്രെയിൻ തടയൽ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് പഞ്ചാബിലെ കർഷകർ. സി.പി.എം കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് 25ന് പ്രതിഷേധ ദിനം ആചരിക്കും. പ്രതിഷേധം കനത്തപ്പോൾ ബില്ലുകൾക്കെതിരായ പ്രചാരണത്തിൽ കർഷകർ വീഴരുതെന്ന അഭ്യർഥനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. പഞ്ചാബിലെ സഖ്യകക്ഷിയായ ശിരോമണി അകാലിദളിെൻറ കേന്ദ്രമന്ത്രി ഹർ സിമ്രത് കൗർ ബാദൽ രാജി വെച്ച് മുന്നണി ബന്ധം വഷളായി നിൽക്കുന്നതിനിടെയാണ് മോദിയുടെ അഭ്യർഥന. കൗറിെൻറ രാജിയോടെ ഇതുവരെ അവഗണിക്കപ്പെട്ടു കിടന്ന കർഷക പ്രശ്നങ്ങൾ വീണ്ടും ചൂടു പിടിച്ചത് ബി.ജെ.പിക്ക് തലവേദനയായിരിക്കുകയാണ്.
കർഷകർക്ക് സ്വന്തം ഉൽപന്നങ്ങൾക്ക് വില കിട്ടില്ലെന്നും മറ്റും പ്രചാരണം നടക്കുകയാണെന്നും, തെറ്റിദ്ധരിപ്പിക്കുകയാണെന്നും നിജസ്ഥിതി അവർക്കറിയുമെന്നും മോദി പറഞ്ഞു. ബിഹാറിലെ കോസി നദിക്കു കുറുകെയുള്ള റെയിൽപാലം നിയമസഭ തെരഞ്ഞെടുപ്പു പ്രഖ്യാപനം വരുംമുമ്പ് വീഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിച്ച മോദി, കാർഷിക ബില്ലിനെതിരായ പ്രതിഷേധത്തെക്കുറിച്ചാണ് അധികവും പറഞ്ഞത്. കർഷകരിൽ നിന്ന് സർക്കാർ ഗോതമ്പും അരിയും മറ്റും സംഭരിക്കില്ല എന്നു തുടങ്ങിയ പ്രചാരണങ്ങൾ നടക്കുന്നത് നുണയാണെന്ന് മോദി പറഞ്ഞു. കർഷകരെ പ്രകോപിപ്പിക്കാനാണ് ശ്രമം.
പതിറ്റാണ്ടുകൾ അധികാരത്തിലിരുന്നവർ കർഷകക്ഷേമത്തെക്കുറിച്ച് ഒരുപാട് പറഞ്ഞതല്ലാതെ ഒന്നും ചെയ്തില്ല. കർഷകരുടെ ഉൽപന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പു വരുത്താൻ തെൻറ സർക്കാർ പ്രതിബദ്ധമാണ്. ഇടനിലക്കാർക്കൊപ്പമല്ല, കർഷകർക്കൊപ്പമാണ് ഈ സർക്കാരെന്നും മോദി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.