ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ അലയടിക്കുന്ന കർഷക സമരവും പ്രതിപക്ഷ പ്രതിഷേധവും വകവെക്കാതെ വിവാദ കാർഷിക ബില്ലുകൾ ലോക്സഭക്കു പിന്നാലെ രാജ്യസഭയിലും സർക്കാർ പാസാക്കി. വിശദ പരിശോധന കൂടാതെ തിരക്കിട്ട് ബിൽ പാസാക്കിയതിലുള്ള കടുത്ത പ്രതിഷേധം കൈയാങ്കളിയോളം എത്തി.
അസാധാരണവും നാടകീയവുമായ രംഗങ്ങളാണ് രാജ്യസഭയിൽ അരങ്ങേറിയത്. വിവാദ ബില്ലുകളും പാർലമെൻറ് രേഖകളും സഭയിൽ കീറിയെറിഞ്ഞു. ഉപാധ്യക്ഷൻ ഹരിവംശിെൻറ മുന്നിലെ മൈക്ക് പ്രതിപക്ഷാംഗങ്ങൾ കൈയടക്കാൻ ശ്രമിച്ചു. തൃണമൂൽ കോൺഗ്രസ് നേതാവ് ഡറിക് ഒബ്രിയൻ സഭയുടെ റൂൾബുക്ക് വലിച്ചുകീറി ഉപാധ്യക്ഷെൻറ മുഖത്തെറിഞ്ഞു.
ഭരണപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷം അവകാശപ്പെടാനില്ലാത്ത സഭയിൽ ബിൽ പാസാക്കാൻ വോട്ടെടുപ്പു നടത്തണമെന്ന ആവശ്യം തള്ളിയതിൽ പ്രതിഷേധിച്ച് സഭ പിരിഞ്ഞ ശേഷവും അംഗങ്ങൾ രാജ്യസഭക്കുള്ളിൽ കുത്തിയിരുന്നു. ഇതുമൂലം ലോക്സഭാ നടപടി ഒരു മണിക്കൂർ വൈകി. ചട്ടം അട്ടിമറിച്ച് സഭാ നടപടി നടത്തിയതിന് ഉപാധ്യക്ഷനെതിരെ ഡസനിലേറെ പ്രതിപക്ഷ പാർട്ടികൾ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി.
ബിൽ തിരക്കിട്ടു പാസാക്കാതെ സെലക്ട് കമ്മിറ്റിയുടെ വിശദപഠനത്തിന് വിടണമെന്ന കെ.സി. വേണുഗോപാൽ (കോൺഗ്രസ്), കെ.കെ. രാഗേഷ് (സി.പി.എം), ഡറിക് ഒബ്രിയൻ (തൃണമൂൽ കോൺഗ്രസ്), തിരുച്ചി ശിവ (ഡി.എം.കെ) എന്നിവരുടെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. ഇവർ കൊണ്ടുവന്ന ഭേദഗതി നിർദേശങ്ങളും തള്ളി.
ഒരു മണിക്ക് പിരിയേണ്ട രാജ്യസഭയുടെ സമയം നീട്ടിയ സർക്കാർ, മന്ത്രിയുടെ പ്രസംഗവും വോട്ടെടുപ്പും തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന പ്രതിപക്ഷാവശ്യവും തള്ളിക്കളഞ്ഞു. ഇതിനും പുറമെ, ശബ്ദവോട്ടിനു പകരം വോട്ടെടുപ്പു തന്നെ നടത്തണമെന്ന ആവശ്യം കൂടി ഉപാധ്യക്ഷൻ തള്ളിയതോടെ പ്രതിപക്ഷ രോഷം ആളി. രോഷാകുലരായ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും ഉപാധ്യക്ഷെൻറ ൈമക്ക് പിടിച്ചു വലിക്കുകയും ചെയ്തപ്പോൾ 15 മിനിറ്റ് സഭാനടപടി നിർത്തിവെക്കേണ്ടി വന്നിരുന്നു. തുടർന്നു ചേർന്നപ്പോൾ അതിനേക്കാൾ വലിയ ബഹളമാണ് ഉണ്ടായത്. അംഗങ്ങളൊന്നും അവരവരുടെ സീറ്റിലല്ലെന്നാണ് വോട്ടെടുപ്പ് ഉപേക്ഷിക്കുന്നതിന് ഉപാധ്യക്ഷൻ ന്യായം പറഞ്ഞത്.
സഭാനടപടിച്ചട്ടം വിവരിക്കുന്ന റൂൾ ബുക്ക് വലിച്ചെറിയാൻ ഡറിക് ഒബ്രിയനെ പ്രകോപിപ്പിച്ചത് അതാണ്. തിരുച്ചി ശിവ ബില്ലുകൾ കീറിയെറിഞ്ഞു. സുരക്ഷ ജീവനക്കാർ സഭയിലിറങ്ങി കൈയോടു കൈ ചേർത്ത് ചെയറിനും ഭരണപക്ഷത്തിനും സംരക്ഷണം നൽകി. രാജ്യസഭ ടി.വി സംപ്രേഷണം അൽപനേരം നിർത്തിവെച്ചു. കാർഷികോൽപന്ന വിപണന പ്രോത്സാഹന ബിൽ, കർഷക ശാക്തീകരണ കാർഷിക സേവന ബിൽ എന്നിവയാണ് രാജ്യസഭ ബഹളങ്ങൾക്കിടയിൽ പാസാക്കിയത്. ജൂൺ അഞ്ചിനു പ്രാബല്യത്തിൽ വന്ന ഓർഡിനൻസുകൾക്ക് പകരമുള്ള ഈ ബില്ലുകൾ രാഷ്ട്രപതി ഒപ്പുവെച്ച് വിജ്ഞാപനം ചെയ്യുന്നതോടെ സ്ഥിരനിയമമാവും.
ചെറുകിട ഇടത്തരം കർഷകരുടെ ജീവനോപാധി തകർക്കുന്ന വിധം കരാർ കൃഷി പ്രോത്സാഹിപ്പിച്ച്, ഗ്രാമച്ചന്തകളും മിനിമം താങ്ങുവിലയും അപ്രസക്തമാക്കി, കോർപറേറ്റുകളുടെ നിയന്ത്രണത്തിലേക്ക് കാർഷിക മേഖലയെ നയിക്കാൻ വഴിവെക്കുന്നതാണ് ബില്ലുകളെന്ന കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ കർഷക പ്രക്ഷോഭം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.