ന്യൂഡൽഹി: കാർഷിക നിയമത്തിലെ മൂന്നു വ്യവസ്ഥകൾ പിൻവലിക്കാതെ പിേന്നാട്ടില്ല എന്ന് മൂന്നാംവട്ട ചർച്ചയിലും സമരക്കാർ വ്യക്തമാക്കി. അടുത്ത ബുധനാഴ്ച വീണ്ടും ചർച്ചക്കിരിക്കണമെന്ന് മോദി സർക്കാർ കർഷകരോട് അഭ്യർഥിച്ചു.
ഇത് അംഗീകരിച്ച കർഷക നേതാക്കൾ ചൊവ്വാഴ്ചത്തെ ഭാരത് ബന്ദ് അടക്കമുള്ള സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചു. ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന അഞ്ചു മണിക്കൂർ നീണ്ട ചർച്ചക്കിടയിൽ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കർഷക നേതാക്കൾ ഇറങ്ങിപ്പോക്കിനും തുനിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള മുതിർന്ന മന്ത്രിമാരുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് രണ്ട് മന്ത്രിമാർ ഉച്ചക്ക് രണ്ടു മണിക്ക് വിജ്ഞാൻ ഭവനിലെത്തിയത്. നിയമങ്ങൾ പിൻവലിക്കുകയല്ലാതെ വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കിയ കർഷക നേതാക്കൾ സർക്കാർ തീരുമാനം വൈകിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തി.
തുടർന്ന് കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലും നരേന്ദ്ര സിങ് തോമറും നേതാക്കളെ അനുനയിപ്പിച്ചു. ഇത് അന്തിമ ചർച്ചയാണെന്ന നിലപാടാണ് കർഷക നേതാക്കൾ ആദ്യം എടുത്തത്. മൂന്ന് കർഷകദ്രോഹ നിയമങ്ങളും പിൻവലിക്കുമോ ഇല്ലേ എന്ന ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം പറഞ്ഞാൽ മതിയെന്ന് അവർ തീർത്തുപറഞ്ഞു.
അതോടെ നിയമങ്ങൾ പിൻവലിക്കുന്ന കാര്യം ആഭ്യന്തരമായി ചർച്ച ചെയ്യാനുണ്ടെന്നും സാവകാശം വേണമെന്നുമുള്ള നിലപാടിലേക്ക് കേന്ദ്രം മാറി. അതിനായി നാലു ദിവസത്തെ സാവകാശം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ തീരുമാനമെടുത്ത് ബുധനാഴ്ച ചർച്ചക്ക് വരാനാണ് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞതോടെയാണ് നാലാം വട്ട ചർച്ചക്ക് കർഷകർ സമ്മതിച്ചത്. ചർച്ച തീരുമാനിച്ച സാഹചര്യത്തിൽ ചൊവ്വാഴ്ചത്തെ ഭാരത് ബന്ദ് ഒഴിവാക്കണമെന്നായിരുന്നു മന്ത്രിമാരുടെ അടുത്ത ആവശ്യം. എന്നാൽ, നേതാക്കൾ അത് തള്ളി. സ്ത്രീകളെയും കുട്ടികളെയും പ്രായമുള്ളവരെയും തിരിച്ചയക്കണമെന്ന കേന്ദ്ര നിർദേശവും കർഷകർ അവഗണിച്ചു.
നിയമങ്ങൾ പിൻവലിക്കുകയെന്ന ഒറ്റ അജണ്ടയിൽ തങ്ങൾ ഒറ്റക്കെട്ടാണ് -ഭാരതീയ കിസാൻ യൂനിയൻ പ്രസിഡൻറ് രാകേഷ് ടിക്കായത്ത് പറഞ്ഞു. ചർച്ചയുടെ തുടക്കത്തിൽ സർക്കാർ വിതരണം ചെയ്ത രേഖാമൂലം നൽകിയ ഉറപ്പുകളെല്ലാം നേതാക്കൾ തള്ളിക്കളഞ്ഞു.
നീതിപൂർവകമായ പരിഹാരമാണ് ആഗ്രഹിച്ചതെങ്കിലും ശനിയാഴ്ചത്തെ യോഗത്തിൽ അതുണ്ടായില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ചർച്ചക്കു ശേഷം പറഞ്ഞു. ചുരുങ്ങിയ താങ്ങുവില തുടരുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുമെന്നും പരിഹാരത്തിന് ശ്രമിക്കുമെന്നും തോമർ കൂട്ടിച്ചേർത്തു.
കൊച്ചി: ചൊവ്വാഴ്ചത്തെ ഭാരതബന്ദിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംസ്ഥാനത്ത് കര്‍ഷക കരിദിനമായി ആചരിക്കുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്മാന് ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
ദേശീയ കര്‍ഷകപ്രക്ഷോഭ നേതാവും രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കണ്‍വീനറുമായ ശിവകുമാര്‍ കക്കാജി, ഡല്‍ഹിയിലുള്ള കോഓഡിനേറ്റര്‍ കെ.വി. ബിജു തുടങ്ങിയവരുമായി സംസ്ഥാന സമിതി നടത്തിയ വെബ് കോണ്‍ഫറന്‍സിനുശേഷമാണ് തദ്ദേശ തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തില്‍ ഭാരത ബന്ദില്‍നിന്ന് കേരളത്തെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കറുത്ത കൊടിയുയര്‍ത്തി പ്രതിഷേധ സമ്മേളനങ്ങളും പ്രകടനങ്ങളും പ്രാദേശികതലത്തില്‍ സംഘടിപ്പിച്ച് ദേശീയ പ്രക്ഷോഭത്തില്‍ പങ്കുചേരുമെന്ന് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ. ബിനോയ് തോമസ് പറഞ്ഞു.
ഭാരത ബന്ദിൽ കേരളം പങ്കാളിയാവില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ട്രേഡ് യൂനിയൻ നേതാവുമായ എളമരം കരീം എം.പി പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ബന്ദ് നടത്താത്തത്. ഹർത്താലോ ജനജീവിതം സ്തംഭിപ്പിക്കുന്ന പ്രക്ഷോഭമോ എവിടെയും ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.