'എല്ലാ സ്തുതിയും തക്കാളിക്ക്' ; തക്കാളി വിറ്റ് ഒരു മാസം കൊണ്ട് കോടീശ്വരനായി കർഷകൻ

ന്യൂഡൽഹി: തക്കാളി വില മാനംമുട്ടെ ഉയർന്നതോടെ സാധാരണക്കാരന്‍റെ അടുക്കള ബജറ്റ് ആകെ താളം തെറ്റിയിരിക്കുകയാണ്. തക്കാളി ഉപയോഗം പരമാവധി കുറയ്ക്കാൻ വീട്ടമ്മമാർ ഒന്നടങ്കം പ്രയത്നിക്കുമ്പോൾ വിലക്കയറ്റം ബമ്പറടിച്ചതുപോലെ ആസ്വദിക്കുകയാണ് കർഷകർ. തങ്ങളുടെ വിളകൾക്ക് പ്രതീക്ഷിച്ചതിലും വില കിട്ടി തുടങ്ങിയതോടെ പലരും വലിയ സന്തോഷത്തിലാണ്. വിലക്കയറ്റത്തിന്‍റെ ചൂടുപിടച്ച വാർത്തകൾക്കിടെ പൂനെ ജില്ലയിലെ നാരായൺഗഞ്ചിലെ ജുന്നാറിൽ നിന്നും തക്കാളി വിറ്റ് കോടീശ്വരനായ കർഷകന്‍റെ കഥയാണ് പുറത്തുവരുന്നത്.

13,000 പെട്ടി തക്കാളി വിറ്റ് കർഷകനായ തുക്കാറാം ഭാഗോജി ഗയാക്കറും കുടുംബവും നേടിയത് 1.5 കോടി രൂപയാണ്. 18 ഏക്കർ ഭൂമിയാണ് ഗയാക്കറിനുള്ളത്. ഇതിൽ 12 ഏക്കറും തക്കാളി കൃഷിയാണ്. മകൻ ഈശ്വർ ഗയാക്കർ മരുമകൾ സൊനാലി എന്നിവരുടെ സഹായത്തോടെയാണ് ഗയാക്കർ കൃഷി ചെയ്യുന്നത്. കീടനാശിനികളെകുറിച്ചും വിളകളെകുറിച്ചും തങ്ങൾക്കുള്ള അറിവ് കൃഷി ചെയ്യുന്ന തക്കാളിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നുണ്ട് എന്നാണ് കുടുംബം പറയുന്നത്. ഒറ്റ ദിവസം ഒരു തക്കാളിപെട്ടി വിറ്റാൽ കുറഞ്ഞത് 2100 രൂപയാണ് ഇവർക്ക് ലഭിക്കുന്നത്. വെള്ളിയാഴ്ച 900 പെട്ടി തക്കാളി വിറ്റതോടെ 18 ലക്ഷം രൂപയാണ് ഗയാക്കറിനും കുടുംബത്തിനും ലഭിച്ചത്. കഴിഞ്ഞ മാസം പെട്ടിക്ക് 1000 മുതൽ 2400 വരെ നിരക്കിലായിരുന്നു വിൽപന.

ഗയാക്കറിന്‍റെ മരുമകളായ സൊനാലിയാണ് തക്കാളി നടുന്നതും, വിളവെടുക്കുന്നതും, പാക്ക് ചെയ്യുന്നതും. മകൻ ഈശ്വർ വിൽപന, നടത്തിപ്പ്, സാമ്പത്തിക ആസൂത്രണം എന്നിവയാണ് കൈകാര്യം ചെയ്യുന്നത്. ഗയാക്കർ മാത്രമല്ല, ജുന്നാറിലെ നിരവധി തക്കാളി കർഷകർ വിലക്കയറ്റം വന്നതോടെ കോടീശ്വരന്മാരായി മാറിയെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Farmer became millionaire by selling tomatoes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.