ഫെബ്രുവരി 20ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിൽ 14, 16, 17 തീയ്യതികളിലായി ഒന്നിലധികം റാലികളെ അഭിസംബോധന ചെയ്യാൻ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരെ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.
സംയുക്ത കിസാൻ മോർച്ചയുടെ (എസ്.കെ.എം) കീഴിലുള്ള പഞ്ചാബിലെ 23 കർഷക യൂനയനുകളാണ് പ്രതിഷേധം സംഘടിപ്പിക്കുക.
ജനുവരി അഞ്ചിന് ഫിറോസ്പൂരിൽ പ്രധാനമന്ത്രിയെ റോഡിൽ തടഞ്ഞ് വെച്ച് കർഷക സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്ക് പിന്നാലെയാണ് വീണ്ടും പ്രതിഷേധം ശക്തമാക്കാൻ കർഷക സംഘടനകൾ ഒരുങ്ങുന്നത്.
പ്രധാനമന്ത്രിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലി നടക്കുന്ന ഫെബ്രുവരി 14ന്, അദ്ദേഹത്തിന്‍റെ കോലം കത്തിക്കുന്നതുൾപ്പടെ സന്ദർശനത്തിനെതിരെ പഞ്ചാബിലെ നൂറിലധികം ഗ്രാമങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംയുക്ത കിസാൻ മോർച്ചയുടെ കോർഡിനേഷൻ കമ്മിറ്റി അംഗം ഡോ.ദർശൻപാൽ പറഞ്ഞു.
ഫെബ്രുവരി 14ന് ജലന്ധറിലും ഫെബ്രുവരി 16ന് പത്താൻകോട്ടിലും ഫെബ്രുവരി 17ന് അബോഹറിലുമാണ് പ്രധാനമന്ത്രി എത്തുന്നത്. ഈ ജില്ലകളിൽ നടക്കുന്ന എല്ലാ റാലികളിലും പ്രതിഷേധം സംഘടിപ്പിക്കുകയും, പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുമെന്നും ഭാരതീയ കിസാൻ യൂനിയൻ (ബി.കെ.യു-ഉഗ്രഹൻ) ജനറൽ സെക്രട്ടറി സുഖ്‌ദേവ് സിംഗ് കോക്രികാലൻ പറഞ്ഞു.
കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടതിനാലാണ് പ്രതിഷേധിക്കാൻ നിർബന്ധിതരാകുന്നതെന്ന് കർഷക സംഘടനകൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.