യു.പിയിൽ പൊലീസ് സ്റ്റേഷനിൽ കയറി തീകൊളുത്തിയ കർഷകൻ മരിച്ചു

ബറേലി: പൊലീസ് കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് പൊലീസ് സ്റ്റേഷനിൽ കയറി ദേഹത്ത് തീക്കൊളുത്തിയ യുവ കർഷകൻ ശ്രീ പാൽ (32) മരിച്ചു. ഉത്തർപ്രദേശ് ബുദൗനിലെ സഹസ്വാൻ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഞായറാഴ്ചയാണ് മരിച്ചത്.

ശ്രീ പാലും ബന്ധുവും തമ്മിൽ ജനുവരി 11 ന് സ്വത്ത് തർക്കമുണ്ടായിരുന്നു. തുടർന്ന് ഇരു കക്ഷികൾക്കും കേസെടുത്തു. എന്നാൽ തനിക്കെതിരെ മാത്രം പൊലീസ് കർശന വകുപ്പുകൾ ചുമത്തിയതായി ശ്രീപാൽ പറഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഫെബ്രുവരി ആറിന് വൈകീട്ടാണ് ശ്രീപാൽ പൊലീസ് സ്റ്റേഷനിൽ കയറി സ്വയം മണ്ണെണ്ണ ഒഴിച്ച്, പൊലീസുകാർ തന്നെ കള്ളക്കേസിൽ കുടുക്കുന്നതായി വിളിച്ചുകൂവി തീകൊളുത്തിയത്.

ഇയാളെ ഉടൻ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏകദേശം 80% പൊള്ളലേറ്റതിനാൽ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

സഹോദരന്റെ മരണത്തിന് യു.പി പൊലീസാണ് ഉത്തരവാദികളെന്ന് ശ്രീപാലിന്റെ സഹോദരൻ കുൻവർ പാൽ പറഞ്ഞു. ‘എന്റെ സഹോദരനെ അവർ നേരത്തെ മർദിക്കുകയും മോചിപ്പിക്കാൻ ഞങ്ങളിൽനിന്ന് പണം വാങ്ങുകയും ചെയ്തു. ഞങ്ങളെ നിരന്തരം പീഡിപ്പിച്ച അവർ കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊള്ളലേറ്റ ശരീപാലിന്റെ ചികിത്സയ്ക്കായി സ്വത്തുക്കൾ മുഴുവൻ വിൽക്കേണ്ടിവന്നു. എന്നിട്ടും അവനെ രക്ഷിക്കാനായില്ല. സംസ്കാര ചടങ്ങ് കഴിഞ്ഞാൽ ഞങ്ങൾ പൊലീസുകാർക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസ് കൊടുക്കും’ -കുൻവർ പാൽ പറഞ്ഞു.

കേസിൽ ഇൻസ്പെക്ടർ ദിഗംബർ സിങ്ങിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

Tags:    
News Summary - Farmer who immolated self in UP's Budaun thana dies during treatment in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.