അമൃത്സർ: മുൻ കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ പങ്കെടുത്ത റാലിക്കിടെ കർഷകരും ശിരോമണി അകാലിദൾ പ്രവർത്തകരും തമ്മിൽ സംഘർഷം. പഞ്ചാബിലെ ഫിറോസ്പുരിൽ ബുധനാഴ്ചയാണ് സംഭവം.
കർഷകർ വാഹനവ്യൂഹത്തിലുണ്ടായിരുന്ന എസ്.യു.വി ആക്രമിക്കുകയായിരുന്നുവെന്ന് അകാലിദൾ ആരോപിച്ചു. എന്നാൽ, പാർട്ടി പ്രവർത്തകർ കർഷകരെ വെട്ടിവീഴ്ത്താൻ ശ്രമിച്ചെന്നും ആകാശത്തേക്ക് വെടിയുതിർത്തുവെന്നും കർഷകർ പറഞ്ഞു.
വാഹനത്തിന്‍റെ ബോണറ്റിൽനിന്ന് തെറിച്ചുവീണ ഒരു കർഷകന് പരിക്കേറ്റു. പരിക്കേറ്റ കർഷകൻ ഉൾപ്പെടെ രണ്ടുപേർ വാഹനം കടന്നുപോകുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവമെന്നും കർഷകർ പറഞ്ഞു.
ബുധനാഴ്ച സ്വന്തം മണ്ഡലമായ ഫിറോസ്പൂരിൽ ബാദൽ പങ്കെടുക്കുന്ന റാലിയുടെ വേദിക്ക് സമീപം കർഷകരും തടിച്ചുകൂടിയിരുന്നു. ആദ്യഘട്ടത്തിൽ കേന്ദ്രസർക്കാറിന്‍റെ മൂന്ന് കാർഷിക നിയമങ്ങൾക്ക് പിന്തുണ നൽകിയതിനെക്കുറിച്ച് ആരായുന്നതിനും കർഷകരുടെ ക്ഷേമത്തെക്കുറിച്ച് സംസാരിക്കുന്നതിനുമാണ് കർഷകർ ഒത്തുകൂടിയത്.
'സമാധാനപരമായിരുന്നു കർഷകരുടെ പ്രതിഷേധം. മുൻ കേന്ദ്രമന്ത്രിയെ കാണണമെന്നും ചില ചോദ്യങ്ങൾക്ക് ഉത്തരം തേടണമെന്നുമായിരുന്നു കർഷകരുടെ ആവശ്യം. പരിപാടിക്ക് ശേഷം കർഷകരെ കാണാമെന്ന് അവർ ഉറപ്പുനൽകിയിരുന്നു. എന്നാൽ അവർ വാക്കുപാലിച്ചില്ല' -ഭാരതീയ കിസാൻ യൂണിയൻ ഏക്ത ജനറൽ സെക്രട്ടറി ജഗമോഹൻ സിങ് പറഞ്ഞു.
പരിപാടി കഴിഞ്ഞശേഷം ബാദൽ ഉടൻ തന്നെ വേദിവിട്ടു. പിന്നീട് കർഷകർ അകാലിദൾ നേതാവ് വർദേവ് മന്നിനെയും മുൻ എം.എൽ.എ ജോഗീന്ദർ ജിന്ദുവിനെയും തടഞ്ഞുനിർത്തുകയും പ്രതിഷേധം രേഖെപ്പടുത്തുകയുമായിരുന്നു. ഇവരുടെ വാഹനവ്യൂഹം നിർത്താനായി രണ്ടുകർഷകർ ബോണറ്റിന് മുകളിൽ കയറി. എന്നാൽ ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു.
'ഞങ്ങളുടെ പ്രതിഷേധം അറിയിക്കുന്നതിനും അവരെ തടഞ്ഞുനിർത്തുന്നതിനുമായി കാറിന്‍റെ ബോണറ്റിൽ രണ്ടുപേർ കയറി. എന്നാൽ, വാഹനം അവർ മുന്നോട്ടെടുക്കുകയും വേഗത കൂട്ടുകയുമായിരുന്നു' -കർഷകരിലൊരാൾ പറഞ്ഞു.
ബോണറ്റിലുണ്ടായിരുന്ന കർഷകനായ ദർശൻ സിങ്ങ് വീഴുകയും വാരിെയല്ല് പൊട്ടുകയും ചെയ്തെന്നും ഒരു സ്ത്രീക്കും പെൺകുട്ടിക്കും പരിക്കേറ്റുവെന്നും കർഷക നേതാവ് ഹർനക് സിങ് മെഹ്മ പറഞ്ഞു. കാറിന് അകത്തുനിന്ന് അകാലിദൾ നേതാക്കൾ ആകാശത്തേക്ക് വെടിയുതിർത്തുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് കർഷകർ ഫിറോസ്പൂരിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അകാലിദൾ നേതാക്കൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു.
ഉത്തർപ്രദേശ് ലഖിംപൂർ സംഭവത്തോട് സമാനമാണ് ഇതെന്നും കർഷകരെ കൊലപ്പെടുത്താനായിരുന്നു അകാലിദൾ ഗുണ്ടകളുടെ ശ്രമമെന്നും ബി.കെ.യു പ്രസിഡന്‍റ് ബൂട്ട സിങ് ബുർജ്ഗിൽ പറഞ്ഞു.
അതേസമയം, കർഷക നേതാക്കൾ വാഹനം ആക്രമിക്കുകയായിരുന്നുവെന്ന് വാഹനത്തിലുണ്ടായിരുന്ന അകാലിദൾ നേതാവ് വർദേവ് മൻ പറഞ്ഞു. പേഴ്സണൽ സെക്യൂരിറ്റി ഓഫിസറായ പഞ്ചാബ് പൊലീസ് കോൺസ്റ്റബ്ൾ സ്വയരക്ഷക്കായി ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നുവെന്നും വർദേവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.