ന്യൂഡൽഹി: ലഖിംപുരിൽ കർഷകരെ കാറിടിച്ചുകൊന്ന സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് കേസ് വ്യാഴാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ. സംഭവത്തിൽ വൻ പ്രതിഷേധം ഉയർന്നതോടെ റിട്ട. ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടിരുന്നു.
എന്നാൽ, സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്ന് മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ ആവശ്യപ്പെട്ടിരുന്നു. 'സമൂഹ മാധ്യമങ്ങളും യു ട്യൂബുമൊന്നും ഇല്ലാത്ത കാലത്ത് പത്രവാർത്തകളെ അടിസ്ഥാനപ്പെടുത്തി സുപ്രീംകോടതി പലവട്ടം കേസെടുത്തിട്ടുണ്ട്. ശബ്ദമില്ലാത്തവരുടെ ശബ്ദം സുപ്രീംകോടതി കേട്ടിട്ടുണ്ട്. ഇക്കാലത്ത് പൗരന്മാരെ വാഹനം കയറ്റി കൊല്ലുന്നു. ഇതിനോട് സുപ്രീംകോടതി പ്രതികരിക്കേണ്ടതുണ്ട്'- സിബൽ ട്വിറ്ററിൽ പറഞ്ഞു.
അതിനിടെ, കരിങ്കൊടി പ്രകടനം നടത്തിയതിന് കാറിടിച്ചുകൊന്ന കർഷകരുടെ കുടുംബത്തെ ചെന്നുകണ്ട് സമാശ്വസിപ്പിക്കുന്നതിന് യു.പി ഭരണകൂടം ഏർപ്പെടുത്തിയ വിലക്ക് പൊളിച്ച് കോൺഗ്രസ് പ്രതിഷേധം. മൂന്നു ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിയേണ്ടി വന്ന പ്രിയങ്ക ഗാന്ധിയെ കൂട്ടി രാഹുൽ ഗാന്ധിയും രണ്ടു മുഖ്യമന്ത്രിമാരും മുതിർന്ന നേതാക്കളും ഉൾപ്പെട്ട സംഘം ലഖിംപുരിലെ കർഷക കുടുംബങ്ങളിലെത്തി. പൊലീസിെൻറ പലവിധ കുരുക്കുകൾ തട്ടിമാറ്റിയായിരുന്നു ഈ സന്ദർശനം.
ആദ്യം വിലക്കിയെങ്കിലും, കടുത്ത പ്രതിഷേധം മുൻനിർത്തി രാഹുലിെൻറ ലഖിംപുർ യാത്രക്ക് ബുധനാഴ്ച യു.പി പൊലീസ് അനുമതി നൽകിയിരുന്നു. അഞ്ചു പേർക്കു മാത്രമായിരുന്നു യാത്രാനുമതി. രാഹുൽ ഗാന്ധിയേയും രണ്ടു മുഖ്യമന്ത്രിമാർ അടക്കമുള്ള ചെറുസംഘത്തെയുമാണ് പൊലീസ് ഇത്തരത്തിൽ ആദ്യം തടഞ്ഞത്.
പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്സിങ് ചന്നി, ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, രൺദീപ്സിങ് സുർജേവാല എന്നിവരായിരുന്നു സംഘത്തിൽ. കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ കണ്ട് സമാശ്വസിപ്പിക്കുന്നതിന് പൊലീസ് വാഹനത്തിൽ വേണം പോകാനെന്ന പൊലീസ് നിബന്ധന ഏതു നിയമവും ചട്ടവും അനുസരിച്ചാണെന്ന് ലഖ്നോ വിമാനത്താവളത്തിൽ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരോട് രാഹുൽ ചോദിച്ചു. ''എനിക്ക് യാത്രാ സൗകര്യം ഒരുക്കാനും ഞാൻ എങ്ങനെ പോകണമെന്ന് തീരുമാനിക്കാനും ആരാണ് നിങ്ങൾ? എനിക്ക് എെൻറ കാറിൽ പോകണം''-രാഹുൽ പറഞ്ഞു. എത്ര ദിവസം കസ്റ്റഡിയിൽ കഴിയേണ്ടി വന്നാലും തങ്ങൾ തിരിച്ചു പോകില്ലെന്ന് രാഹുൽ കട്ടായം പറഞ്ഞതോടെ പൊലീസ് വഴങ്ങി. പ്രിയങ്കയെ കൂട്ടി പോകാനുള്ള വിലക്കും നീങ്ങി.
88 കിലോമീറ്റർ അകലെ സിതാപുരിലെത്തിയ രാഹുൽ െഗസ്റ്റ് ഹൗസിൽ തടങ്കലിലായിരുന്ന പ്രിയങ്കയേയും കൂട്ടി വീണ്ടും 50 കിലോമീറ്റർ പിന്നിട്ട് രാത്രി എട്ടിനു മുമ്പ് ലഖിംപുരിലെത്തി. കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങളെ കണ്ടു. രാജസ്ഥാനിൽനിന്ന് ലഖിംപൂരിലേക്ക് പുറപ്പെട്ട സചിൻ പൈലറ്റിനെ വഴിമധ്യേ പൊലീസ് കുറെ നേരം തടഞ്ഞു വെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.