ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയുടെ സഞ്ചാരപാത ഞായറാഴ്ച തീരുമാനിക്കും. ഡൽഹിയിലെ മൂന്ന് സമാന പാതകളായിരിക്കും തെരഞ്ഞെടുക്കുക. ട്രാക്ടർ റാലി നടത്താൻ കർഷകരെ അനുവദിക്കരുെതന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചതിന് ശേഷം കഴിഞ്ഞദിവസം ഡൽഹി പൊലീസ് റാലി നടത്താൻ അനുവാദം നൽകിയിരുന്നു. സഞ്ചാരപാത രേഖാമൂലം നൽകണമെന്നും കർഷകരെ പൊലീസ് അറിയിച്ചു. 100 കിലോമീറ്റർ പാതയിൽ ആയിരം ട്രാക്ടറുകൾ അണിനിരത്തുകയാണ് കർഷകരുടെ ലക്ഷ്യം. ഗാസിപൂർ, സിംഘു, ടിക്രി അതിർത്തികളിൽനിന്നായിരിക്കും ട്രാക്ടർ റാലി ആരംഭിക്കുകയെന്ന് കർഷക നേതാവ് അഭിമന്യു കോഹർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
ഡൽഹി അതിർത്തിയിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ ജനുവരി 26ന് എടുത്തുമാറ്റുമെന്നും തലസ്ഥാനത്ത് പ്രവേശിച്ചശേഷം ട്രാക്ടർ റാലി നടത്തുമെന്നും കർഷക നേതാവ് ദർശൻ പാൽ പറഞ്ഞു.
പ്രധാനമന്ത്രി നേരന്ദ്രമോദി റിപ്പബ്ലിക് ദിന പരേഡിൽ പെങ്കടുന്ന സമയം ആയിരം ട്രാക്ടറുകൾ ഡൽഹി നഗരത്തിൽ മാർച്ച് നടത്തും. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള കർഷകർ ട്രാക്ടർ റാലിക്ക് തയാറായി കഴിഞ്ഞതായും കർഷക നേതാക്കൾ പറഞ്ഞു. സമാധാനപരമായിരിക്കും ട്രാക്ടർ റാലിയെന്നും ഡൽഹിയിൽ പ്രവേശിക്കാൻ പൊലീസിന്‍റെ അനുമതി ലഭിച്ചതായും കർഷക നേതാക്കൾ കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നാണ് കർഷക സംഘടനകളുടെ നിലപാട്. നിലവിൽ റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കാണ് പ്രധാന്യം നൽകുന്നതെന്നും കർഷക സംഘടനകൾ അറിയിച്ചു. ട്രാക്ടർ റാലിക്ക് േശഷം അടുത്ത ഘട്ട പ്രക്ഷോഭത്തെ സംബന്ധിച്ച് തീരുമാനമെടുക്കും.
'പ്രക്ഷോഭം ആരംഭിച്ചതുമുതൽ ഞങ്ങളുടെ ആവശ്യം വ്യക്തമായി അറിയിച്ചിരുന്നു. മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കലാണ് തങ്ങളുടെ ആവശ്യം. നിയമം പിൻവലിക്കുകയല്ലാതെ മറ്റ് ഉപാധികളൊന്നും സമരം അവസാനിക്കാൻ മുമ്പിലില്ല' -ഹരിയാന ഭാരതീയ കിസാൻ യൂനിയൻ നേതാവ് ഗുർണം സിങ് ചദുനി പറഞ്ഞു.
നിലവിൽ പത്തിലധികം തവണ കേന്ദ്രസർക്കാറും കർഷകരും തമ്മിൽ ചർച്ച നടത്തിയിരുന്നു. കാർഷിക നിയമങ്ങളിൽ ഭേദഗതി വരുത്താൻ തയാറാണെന്നാണ് കേന്ദ്രത്തിന്‍റെ വാദം. ഒന്നരവർഷത്തേക്ക് കാർഷിക നിയമം നടപ്പാക്കില്ലെന്ന് കേന്ദ്രം കഴിഞ്ഞദിവസം നടത്തിയ ചർച്ചയിൽ കർഷകരെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ കർഷകർ തയാറല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.