കർഷകരെ പുകഴ്ത്തി മോദി; സ്വയംപര്യാപ്ത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ കർഷകർക്ക് പ്രധാന പങ്ക്

ന്യൂഡൽഹി: സ്വയം പര്യാപ്ത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ കർഷകർക്ക് പ്രധാന പങ്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പരയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു മോദി. കോവിഡ് മഹാമാരിയുടെ കാലത്തും രാജ്യത്തിന്‍റെ കാർഷിക മേഖല പ്രതിരോധിച്ച് നിന്നത് കർഷകരുടെ ശക്തിയുടെ പ്രതിഫലനമാണെന്നും മോദി പറഞ്ഞു. കർഷകരെ ഏറെ ദോഷകരമായി ബാധിക്കുന്ന കേന്ദ്ര സർക്കാറിന്‍റെ കാർഷിക ബില്ലുകൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് മോദി കർഷകരെ പുകഴ്ത്തി സംസാരിച്ചത്.

കർഷകർ ശക്തരാണെങ്കിൽ രാജ്യവും ശക്തമാകും. കാർഷിക ബില്ലുകളിലൂടെ കർഷകരെ ശക്തിപ്പെടുത്തുകയാണ്. തങ്ങളുടെ ഉൽപ്പന്നം ആർക്കുവേണമെങ്കിലും എവിടെവെച്ചും വിൽക്കാൻ സ്വാതന്ത്ര്യം നൽകുകയാണ് ബില്ലുകൾ. ഉയർന്ന വില ആരാണോ നൽകുന്നത് അവർക്ക് വിൽക്കാൻ സാധിക്കും. കാർഷിക മേഖലയിൽ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന്‍റെ വർധിച്ച നേട്ടം കർഷകർക്ക് ഉണ്ടാകും -മോദി പറഞ്ഞു.

കോൺഗ്രസിനെ പരോക്ഷമായി വിമർശിക്കാനും മോദി മറന്നില്ല. മഹാത്മാ ഗാന്ധിയുടെ കർഷക കേന്ദ്രീകൃത സാമ്പത്തിക നയങ്ങൾ രാജ്യം പിന്തുടർന്നിരുന്നുവെങ്കിൽ കേന്ദ്രം ഇപ്പോൾ കൊണ്ടുവന്ന ആത്മനിർഭർ ഭാരത് പദ്ധതിയുടെ ആവശ്യമുണ്ടാകുമായിരുന്നില്ല. ഇന്ത്യ നേരത്തെ തന്നെ സ്വയംപര്യാപ്തമാകുമായിരുന്നു.

ഇന്ത്യൻ സംസ്കാരത്തിൽ നാടോടിക്കഥകൾക്കുള്ള പ്രാധാന്യത്തെ കുറിച്ചാണ് മോദി മൻ കി ബാത്തിൽ പ്രധാനമായും ഊന്നൽ നൽകിയത്. ഇന്ത്യക്ക് നാടോടിക്കഥകളുടെ സമ്പന്നമായ ചരിത്രമുണ്ടെന്നും കോവിഡ് മഹാമാരിയുടെ കാലത്ത് അതിന് ഏറെ പ്രാധാന്യമുണ്ടെന്നും മോദി പറഞ്ഞു.

മഹാമാരിയുടെ കാലത്ത് ലോകം വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ്. സാമൂഹിക അകലം പാലിക്കൽ ഏറെ പ്രധാനപ്പെട്ടതാണ്. കുടുംബങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ കഥകൾക്ക് സാധിക്കും -മോദി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.