ഡൽഹി അതിർത്തിയിലെ കർഷക സമരങ്ങൾക്ക് ഏറെക്കുറെ അന്ത്യമായെന്നുറപ്പിച്ച നിമിഷങ്ങളായിരുന്നു അത്. റിപ്പബ്ലിക് ദിനത്തിലെ കിസാൻ പരേഡ് കഴിഞ്ഞ് വലിയൊരു വിഭാഗം കർഷകരും സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയെന്ന് രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആസൂത്രണം ചെയ്തതായിരുന്നു പദ്ധതി. വ്യാഴാഴ്ച വൈകുന്നേരത്തോടെ കർഷക സമരം നടക്കുന്ന പ്രധാന മൂന്ന് അതിർത്തികളും വൻ പൊലീസ് വലയത്തിലാക്കി സമരക്കാർ ഏറ്റവും കുറവുള്ള ഗാസിപൂരിൽ നിന്ന് ഒഴിപ്പിക്കൽ പദ്ധതിയിലേക്ക് കടക്കാനും അതിന് പിറകെ സിംഘുവും ടിക്രിയും ഒഴിപ്പിക്കാനായിരുന്നു ആസൂത്രണം.
ബി.ജെ.പി ബന്ധമുള്ള പഞ്ചാബി നടൻ ദീപ് സിദ്ദു ചെേങ്കാട്ടയിലേക്ക് നയിച്ച കർഷകർ നടത്തിയ അക്രമങ്ങൾ കാണിച്ചാണ് രണ്ട് മാസമായി അതിർത്തിയിൽ തുടരുന്ന കർഷക സമരം അടിച്ചമർത്താനുള്ള നടപടികളിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംഘ് പരിവാറും കടന്നത്.
വ്യാഴാഴ്ച വൈകീട്ട് ഗാസിയാബാദ് ജില്ലാ ഭരണകൂടത്തിൽ നിന്ന് ഗാസിപൂരിലെ ആദ്യ നടപടി സംബന്ധിച്ച് കർഷക നേതാവ് രാകേഷ് ടിക്കായത്തിന് ഒൗദ്യോഗിക വിവരം ലഭിച്ചതോടെ ഗാസിപൂരിലെ സമരവേദി മൂകമായി. രണ്ട് മാസം കൊണ്ട് 500ാളം കർഷക സംഘടനകൾ വളർത്തി വലുതാക്കിയ സമരം ഒരു കേസിെൻറ പേരിൽ അവസാനിപ്പിക്കുന്നത് തടയാൻ താൻ കീഴടങ്ങുകയാണെന്ന് ടിക്കായത്ത് കർഷകരെ അറിയിച്ചു. സമരം ഒഴിപ്പിക്കരുതെന്ന ഉപാധിയോടെയാണ് കീഴടങ്ങുമെന്ന് മാധ്യമപ്രവർത്തകരെ അറിയിക്കുേമ്പാൾ ടിക്കായത്ത് നിയന്ത്രണം വിട്ടു. ഇത്രനാളും കാണിച്ച സർക്കാറിനെ വെല്ലുവിളിച്ച കരുത്തെല്ലാം ചോർന്ന് ദുർബലനായ ജാട്ട് നേതാവ് സമരം ലക്ഷ്യത്തിലെത്താതെ പരാജയപ്പെട്ടാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് കരഞ്ഞു. അത് കണ്ട് വേദിയിലെ മറ്റു നേതാക്കളും കരഞ്ഞു. പൊലീസിന് മുമ്പാകെ കീഴടങ്ങിയാൽ ജയിലിൽ പോകുമെന്നുറപ്പിച്ച് ഭാര്യയും കുടുംബാംഗങ്ങളും സമരവേദിയിലെ ടിക്കായത്തിെൻറ തമ്പിലെത്തി. ഭക്ഷണം കഴിക്കാനായി അവർക്കൊപ്പമിരുന്നപ്പോഴും നിയന്ത്രണമടക്കാനാകാതെ ടിക്കായത്തും കൂടെ കണ്ടുനിന്നവരും കരഞ്ഞു. തിരിച്ച് േവദിയിലേക്ക് പോകുേമ്പാഴേക്കും കർഷകെരാന്നടങ്കം ടിക്കായത്തിനെ വളഞ്ഞ് കീഴടങ്ങരുതെന്ന് കേണുപറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
ടിക്കായത്തിെന അറസ്റ്റ് ചെയ്യാൻ ജില്ലാ പൊലീസ് സുപ്രണ്ടിനെയും കൂട്ടി വേദിയിൽ കയറി വന്ന എ.ഡി.എം വിട്ടുവീഴ്ചക്കില്ലെന്ന് നിലപാട് കടുപ്പിച്ചു. ടികായത്ത് അറസ്റ്റ് വരിച്ചാലും 15 മിനിറ്റിനുള്ളിൽ സമരവേദി ഒഴിപ്പിക്കുമെന്ന് എ.ഡി.എം വ്യക്തമാക്കി. കേവലം 200ൽ താഴെയുള്ള കർഷകരെ ആയിരത്തോളം പൊലീസ് വലയം ചെയ്ത് നിൽക്കുേമ്പാഴായിരുന്നു ഇത്. രാത്രി 11 മണിക്ക് സമരം ഒഴിപ്പിച്ചിരിക്കുമെന്ന് എ.ഡി.എം അർഥശങ്കക്കിടയില്ലാത്ത വിധം പറഞ്ഞു. അതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. താനല്ല, ഒരാളും കീഴടങ്ങില്ലെന്നും സമരം ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്നും ടിക്കായത്തും വേദിയിൽ നിന്ന് പ്രഖ്യാപിച്ചു.
ഇതിനിടയിൽ ചാനലുകളിലൂടെയും വാട്സ് ആപും ഫേസ്ബുകും വഴിയും ടിക്കായത്തിെൻറ കരച്ചിൽ ഉത്തർപ്രദേശിലെയും ഹരിയാനയിലെയും രാജസ്ഥാനിലെയും ജാട്ട് ഗ്രാമങ്ങളിലുമെത്തിയതോടെ അവർ ഒന്നടങ്കം ഇളകി. മുസഫർ നഗറിലെ സ്വന്തം ഗ്രാമമായ സിസോലിയിൽ രാകേഷിെൻറ സഹോദരൻ നരേഷ് ടിക്കായത്ത് രാത്രി തന്നെ മഹാ പഞ്ചായത്ത് വിളിച്ചു. ടിക്കായത്തിനെ സ്പർശിച്ചാൽ പ്രത്യാഘാതം ഗുരുതരമാകുമെന്ന് മുന്നറയിപ്പ് നൽകിയ മഹാ പഞ്ചായത്ത് രാത്രി തന്നെ ട്രാക്ടറുകളും വാഹനങ്ങളുമെടുത്ത് ഗാസിപൂരിലേക്ക് തിരിക്കാൻ ആഹ്വാനം ചെയ്തു. അതിന് പുറമെ വെള്ളിയാഴ്ച മുസഫർ നഗറിലും ഹരിയാനയിലെ വിവിധ ജാട്ട് ഗ്രാമങ്ങളിലും മഹാപഞ്ചായത്ത് വിളിച്ചു. പ്രകോപിതരായ ജാട്ടുകൾ ടിക്കായത്തിനെ കരയിപ്പിച്ചവരെ പാഠം പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് രാത്രി തന്നെ എത്തി തുടങ്ങിയതോടെ ഡൽഹി, യു.പി പൊലീസ് പൊടുന്നെന പിന്മാറി. സമരക്കാരെ അറസ്റ്റ് ചെയ്യാൻ കൊണ്ടുവന്ന ബസുകളും തിരികെ കൊണ്ടുപോയി. റിപ്പബ്ലിക് ദിനത്തിലെ അനിഷ്ട സംഭവങ്ങളോടെ പ്രതിരോധത്തിലായ കർഷകർ ഗാസിപൂരിൽ മാത്രമല്ല, സിംഘുവിലും ടിക്രിയിലുമെല്ലാം സമരാവേശം തിരിച്ചുപിടിക്കുന്നതാണ് പിന്നീട് കണ്ടത്. ഗാസിപൂരിൽ തുടങ്ങാൻ കഴിയാതിരുന്ന ഒഴിപ്പിക്കൽ നടപടി സിംഘുവിലും ടിക്രിയിലും ഉപേക്ഷിച്ചു. നേരം പുലർന്നിട്ടും കർഷകരുടെ ഗാസിപൂരിൽ കർഷകരുടെ ഒഴുക്ക് നിലച്ചിരുന്നില്ല. ടിക്കായത്തിെൻറ കണ്ണീരിൽ നിന്നാണ് ട്രാക്ടർ റാലിയോടെ ഒടുങ്ങുമെന്ന് കരുതിയ കർഷക സമരം വീണ്ടും ഉയിർത്തെഴുന്നേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.