ശ്രീനഗർ: ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് അധ്യക്ഷനും എം.പിയു മായ ഫാറൂഖ് അബ്ദുല്ല തടവിൽ. ശ്രീനഗർ ഗുപ്കർ റോഡിലെ ഇരുനില വീടിെൻറ ഒറ്റമുറിയി ലാണ് അദ്ദേഹത്തെ അടച്ചിരിക്കുന്നത്. പൊതുസുരക്ഷ നിയമപ്രകാരം (പി.എസ്.എ) െഡപ്യൂട്ടി കമീഷണർ ഷാഹിദ് ചൗധരി തടവിന് അംഗീകാരം നൽകിയതോടെ വീടിനകത്തു തന്നെ ‘ജയിൽ’ സ്ഥാപിക്കുകയായിരുന്നു. ജയിൽ നിയമമനുസരിച്ച് തടവുകാർക്ക് ലഭിക്കുന്ന സൗകര്യം മാത്രമാണ് ഇനി ഫാറൂഖ് അബ്ദുല്ലക്കുണ്ടാവുക.
സംസ്ഥാനത്തിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് കഴിഞ്ഞ 43 ദിവസമായി വീട്ടുതടങ്കലിലായിരുന്ന ഫാറൂഖ് അബ്ദുല്ലയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയതോടെ അദ്ദേഹത്തിന് ഇനി പുറംലോകവുമായി ബന്ധപ്പെടാനാകില്ലെന്ന് വ്യക്തമായി. വീട്ടിലുണ്ടായിരുന്ന കുടുംബ പാചകക്കാരനെ അധികൃതർ പുറത്താക്കി. വീട്ടിലെ മറ്റു മുറികളെല്ലാം ഉടനെ പൂട്ടി സീൽ ചെയ്യാനുള്ള നടപടി സ്വീകരിച്ചുവരികയാണ് പൊലീസ്. ഫാറൂഖ് അബ്ദുല്ലക്ക് ഇനി ബാത്ത്റൂം ഉൾപ്പെടുന്ന ഒറ്റമുറി മാത്രമാകും അനുവദിക്കുക. നിയമനടപടി പൂർത്തീകരിച്ച ശേഷമേ പുറത്തുനിന്നുള്ളവർക്ക് അദ്ദേഹത്തെ കാണാനാകൂ.
ഫാറൂഖ് അബ്ദുല്ലയുടെ വസതി സ്ഥിതി ചെയ്യുന്ന ഗുപ്കർ റോഡും അധികൃതർ സീൽചെയ്തു. തൊട്ടടുത്ത് താമസിക്കുന്ന മകൾ സഫിയ ഖാെൻറ വസതിയുടെ ഗേറ്റിൽ പ്രതിഷേധസൂചകമായി കറുത്ത കൊടി സ്ഥാപിച്ചിട്ടുണ്ട്. വൈദ്യസഹായത്തിന് പിതാവിനെ കാണാൻ അനുമതി നൽകണമെന്ന് മറ്റൊരു മകൾ ഹിന്ന അബ്ദുല്ല സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ‘പട്ടാള നിയമം’ നടപ്പാക്കാനുള്ള സർക്കാർ നീക്കം അപലപനീയമാണെന്ന് മുൻ ജഡ്ജി ഹസനൈൻ മസൂദി എം.പിയും അക്ബർ ലോൺ എം.പിയും പറഞ്ഞു. പി.എസ്.എ പ്രകാരം വിചാരണ കൂടാതെ ഒരാളെ മൂന്നുമാസം വരെ തടവിലാക്കാൻ കഴിയും. സംസ്ഥാനത്ത് മരം കൊള്ള വ്യാപകമായതിനെ തുടർന്ന് ഫാറൂഖ് അബ്ദുല്ലയുടെ പിതാവ് ശൈഖ് മുഹമ്മദ് അബ്ദുല്ലയാണ് വിവാദനിയമം സംസ്ഥാനത്ത് നടപ്പാക്കിയതെന്നാണ് കൗതുകം. ഇപ്പോൾ മകൻ ഫാറൂഖ് അബ്ദുല്ല ഇതേ നിയമത്തിെൻറ ഇരയായി. നാഷനൽ കോൺഫറൻസ് മുൻ സർക്കാർ നിയമത്തിൽ നിരവധി ഭേദഗതികൾ കൊണ്ടുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.