ശ്രീനഗർ: ജമ്മു കശ്മീരിെൻറ പ്രത്യേക അവകാശങ്ങൾ പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഏഴു രാഷ്ട്രീയ പാർട്ടികൾ സംയുക്തമായി ആരംഭിച്ച ഗുപ്കർ സഖ്യത്തിെൻറ ചെയർമാനായി നാഷനൽ കോൺഫറൻസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയെ നിയമിച്ചു.
വൈസ് ചെയർമാനായി പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയെയും തെരഞ്ഞെടുത്തു. സി.പി.എം നേതാവ് യൂസഫ് തരിഗാമിയാണ് കൺവീനർ. പീപ്പിൾസ് കോൺഫറൻസ് നേതാവ് സജാദ് ലോണാണ് സമിതിയുടെ വക്താവ്. ലോക്സഭ അംഗം കൂടിയായ ഹസ്നൈൻ മസൂദിയാണ് സമിതി കോർഡിനേറ്റർ. ശ്രീനഗറിലെ മെഹബൂബ മുഫ്തിയുടെ വസതിയിൽ രണ്ടുമണിക്കൂറോളം ചേർന്ന യോഗത്തിൽ പുതിയ സമിതി ഭാരവാഹികളെ ഒറ്റക്കെട്ടായി തെരഞ്ഞെടുക്കുകയായിരുന്നു.
ഗുപ്കർ സമിതി ഒരു ദേശീയ വിരുദ്ധ സമിതിയല്ലെന്നും കശ്മീരിനെതിരായ നീക്കങ്ങൾ തടയുകയാണ് ലക്ഷ്യമെന്നും നേതാക്കൾ വ്യക്തമാക്കി. 'ഇതൊരിക്കലും ദേശീയ വിരുദ്ധ സമിതിയല്ല. ബി.ജെ.പി വിരുദ്ധ സമിതിയാണ്. സഖ്യം ദേശവിരുദ്ധമാണെന്ന ബി.ജെ.പിയുടെ പ്രചരണം തെറ്റാണ്. ഇത് ശരിയല്ലെന്ന് ഞാൻ അവരോട് പറയാൻ ആഗ്രഹിക്കുന്നു. ഇത് ബി.ജെ.പി വിരുദ്ധമാണെന്നതിൽ സംശയമില്ല. പക്ഷേ ദേശവിരുദ്ധമല്ല' -ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
'ബിജെ.പി രാജ്യത്തിെൻറ ഭരണഘടനയെ തന്നെ തകർക്കാൻ ശ്രമിക്കുന്നു. അവർ രാജ്യത്തെ വിഭജിക്കുന്നു. ഫെഡറൽ സംവിധാനവും തകർക്കാൻ ശ്രമിക്കുന്നു. അതിനായി കഴിഞ്ഞവർഷം ആഗസ്റ്റിൽ അവർ ചെയ്തത് എന്താണെന്ന് നമ്മൾ കണ്ടു' -ഫാറൂഖ് അബ്ദുല്ല കൂട്ടിച്ചേർത്തു.
ജമ്മു കശ്മീരിെൻറ പ്രത്യേക പദവിയും ഭരണഘടനയും പുനസ്ഥാപിച്ചില്ലെങ്കിൽ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്നും ദേശീയ പതാക പിടിക്കുന്നതിന് താൽപര്യമില്ലെന്നും തടവിൽ നിന്ന് മോചിതയായ ശേഷം നടത്തിയ ആദ്യ വാർത്തസമ്മേളനത്തിൽ മെഹബൂബ മുഫ്തി പ്രഖ്യാപിച്ചിരുന്നു. ഇതിന് രണ്ടുദിവസത്തിന് ശേഷമാണ് നിർണായക യോഗം. കശ്മീരിെൻറ പഴയ പതാക തിരികെ കൊണ്ടുവരണമെന്ന മെഹബൂബയുടെ നിലപാട് പ്രത്യക്ഷമായി ദേശീയപതാകയെ ആക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര നിയമ വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.