ശ്രീനഗർ: നബിദിനത്തിൽ ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ ശ്രീനഗറിലെ ഹസ്രത്ബാലിൽ പ്രാർഥന നടത്താൻ അനുവദിക്കാതെ വീട്ടിൽ തടഞ്ഞതായി നാഷണൽ കോൺഫറൻസ്. ആരാധന നടത്തുന്നതിനുള്ള മൗലികാവകാശത്തെ ലംഘിച്ചതിൽ അപലപിക്കുന്നതായും നാഷണൽ കോൺഫറൻസ് ട്വിറ്ററിൽ വ്യക്തമാക്കി.
''ജമ്മുകശ്മീർ ഭരണകൂടം പാർട്ടി അധ്യക്ഷൻ ഡോ. ഫാറൂഖ് അബ്ദുല്ലയുടെ വസതി ബന്ധിക്കുകയും ദർഗ ഹസ്രത്ബാലിൽ പ്രാർഥന നടത്തുന്നതിൽ നിന്ന് അദ്ദേഹത്തെ തടയുകയും ചെയ്തിരിക്കുന്നു. പ്രത്യേകിച്ച് നബിദിനത്തിൻെറ പുണ്യവേളയിൽ ആരാധന നടത്താനുള്ള മൗലികാവകാശത്തിൻമേലുള്ള ഈ കടന്നുകയറ്റത്തെ ജമ്മുകശ്മീർ നാഷണൽ കോൺഫറൻസ് അപലപിക്കുന്നു.''- പാർട്ടി ട്വീറ്റ് ചെയ്തു.
ഫാറൂഖ് അബ്ദുല്ലയെ ആരാധനയിൽ നിന്ന് വിലക്കിയ നടപടിക്കെതിരെ പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയും രംഗത്തു വന്നു.
''ഫാറൂഖ് സാഹിബിനെ നബിദിനത്തിൽ ഹസ്രത്ബാലിൽ പ്രാർഥന നടത്തുന്നത് നിന്ന് തടഞ്ഞ സംഭവം ഇന്ത്യൻ സർക്കാറിൻെറ ആഴത്തിലുള്ള അനാസ്ഥയെയും ജമ്മുകശ്മീരോടുള്ള അവരുടെ ഇരുമ്പ് മുഷ്ടി സമീപനത്തെയും തുറന്നുകാട്ടുന്നതാണ്. ഇത് ഞങ്ങളുടെ അവകാശങ്ങളുടെ കടുത്ത ലംഘനവും അേങ്ങയറ്റം അപലപനീയവുമാണ്.'' -മെഹബൂബ മുഫ്തി ട്വീറ്ററിൽ കുറിച്ചു.
ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ജമ്മുകശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി കഴിഞ്ഞ വർഷം ആഗസ്റ്റിൽ സർക്കാർ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതു മുതൽ ഫാറൂഖ് അബ്ദുല്ല അറസ്റ്റിലായിരുന്നു. കോവിഡുമായി ബന്ധപ്പെട്ട് രാജ്യം ലോക്ഡൗണിലേക്ക് പോകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഈ വർഷം മാർച്ചിലാണ് അദ്ദേഹത്തെ വിട്ടയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.