സൈക്കിൾ പോളോ കേരളാ താരങ്ങൾക്ക് എന്തുകൊണ്ട് സൗകര്യം ഒരുക്കിയില്ല; ഫെഡറേഷനോട് ഹൈകോടതി

കൊച്ചി: സൈക്കിൾ പോളോ താരം ഫാത്തിമ നിദയുടെ മരണത്തിൽ ശക്തമായ ഇടപെടലുമായി ഹൈകോടതി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്ക് ഭക്ഷണവും താമസവും ഒരുക്കിയെങ്കിൽ എന്തു കൊണ്ട് കേരളത്തിൽ നിന്നെത്തിയ കുട്ടികൾക്ക് ആവശ്യമായ സൗകര്യം ഒരുക്കിയില്ലെന്ന് ഹൈകോടതി ചോദിച്ചു.

കോടതിയിൽ നേരിട്ടു ഹാജരായ സൈക്കിൾ പോളോ ഫെഡറേഷൻ ദേശീയ സെക്രട്ടറിയോടാണ് ഇക്കാര്യം ആരാഞ്ഞത്. ഫാത്തിമ അടക്കമുള്ള സംഘത്തിന് വെള്ളവും ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിരുന്നുവെന്നും താമസസൗകര്യം സംഘം നിരസിച്ചെന്നും സെക്രട്ടറി കോടതിയെ അറിയിച്ചു.

ഫാത്തിമ നിദയുടെ മരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസ് നേരത്തെ പരിഗണിക്കവെയാണ് ഫെഡറേഷൻ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ ഹൈകോടതി ഉത്തരവിട്ടത്. അതേസമയം, സൈക്കിൾ പോളോ ഫെഡറേഷന്‍റെ വിശദീകരണത്തെ സൈക്കിൾ പോളോ കേരള അസോസിയേഷൻ എതിർത്തു. ഒരു തരത്തിലുമുള്ള സൗകര്യങ്ങളും ഫെഡറേഷൻ ഒരുക്കിയില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി.

28 സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർഥികൾ ഉൾപ്പെടുന്ന വലിയ മേളയിൽ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഫെഡറേഷൻ പരാജയപ്പെട്ടു. കേരളത്തിൽ നിന്ന് കോടതി ഉത്തരവ് നേടിയെത്തിയ സംഘമെന്ന് ചൂണ്ടിക്കാട്ടി ഫാത്തിമ ഉൾപ്പെടുന്ന സംഘത്തെ മാറ്റിനിർത്തി. താമസസൗകര്യം നിഷേധിച്ചു കൊണ്ടുള്ള ഫെഡറേഷൻ അധികൃതരുടെ ഓഡിയോ സന്ദേശമുണ്ടെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.

ഹരജിയിൽ വിശദമായി സത്യവാങ്മൂലം ഈ മാസം 16ന് സമർപ്പിക്കാൻ ഫെഡറേഷന് ഹൈകോടതി നിർദേശം നൽകി. ജനുവരി 23ന് കേസ് വീണ്ടും പരിഗണിക്കും.

Tags:    
News Summary - fathima nidha Death Caes: Highcourt want to explanation to Cycle Polo Federation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.