ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പ് ഫലത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സൃഷ്ടിച്ച ഭയം അപ്രത്യക്ഷമായെന്നും അത് ചരിത്രമായി മാറിയെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നാലു ദിവസത്തെ യു.എസ് സന്ദർശനത്തിനിടെ വാഷിങ്ടൺ ഡി.സിയിലുള്ള ജോർജ് ടൗൺ സർവകലാശാലയിലെ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്സഭാ തെരഞ്ഞെടുപ്പിൽ പോരാട്ടം സമനിലയിലല്ലായിരുന്നുവെന്നും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യം തകർന്നുവെന്ന് രാഹുൽ അവകാശപ്പെട്ടു.
‘മോദിജി സൃഷ്ടിച്ച ഭയം ഒരു നിമിഷം കൊണ്ട് ഇല്ലാതായി. വർഷങ്ങളെടുത്താണ് ആ ഭയം വളർത്തിയെടുത്തത്. ഒരുപാട് ആസൂത്രണവും പണവും അതിന് ചെലവഴിച്ചു. എന്നാലത് ബാഷ്പമാവാൻ ഒരു നിമിഷമേ വേണ്ടി വന്നുള്ളൂ’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിച്ചെങ്കിലും ഇത്തവണ ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചില്ല.
‘56 ഇഞ്ച് നെഞ്ച് എന്ന മിസ്റ്റർ മോദിയുടെ ആശയം, ദൈവവുമായി നേരിട്ടുള്ള ബന്ധം...അതെല്ലാം ഇല്ലാതായി. ചരിത്രം മാത്രമായി. ഈ തകർച്ച പ്രധാനമന്ത്രിയുമായി മാത്രം ബന്ധപ്പെട്ടതല്ല. അതിലും ആഴമുള്ളതാണ്. മോദിയെ അധികാരത്തിലെത്തിച്ച സഖ്യം നടുഭാഗത്തു തന്നെ തകർന്നുവെന്നും മോദി ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി സർക്കാർ നടത്തുന്നു എന്ന അടിസ്ഥാന ആശയം ഇല്ലാതായെന്നും’ അദ്ദേഹം പറഞ്ഞു. ഞാനിതിനെ സ്വതന്ത്ര തെരഞ്ഞെടുപ്പായി കാണുന്നില്ല. ന്യായമായ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 246 സീറ്റുകളിൽ എത്തുമെന്ന് വിശ്വസിക്കുന്നില്ല. തെരഞ്ഞെടുപ്പ് കമീഷൻ അവർക്കാവശ്യമുള്ളത് ചെയ്യുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത ആസൂത്രണത്തോടെ മോദിക്ക് രാജ്യത്തുടനീളം തന്റെ അജണ്ട നടപ്പിലാക്കാൻ കഴിയുന്ന തരത്തിലാണ് മുഴുവൻ പ്രചാരണവും ക്രമീകരിച്ചത്.
എന്നാൽ, ബി.ജെ.പിക്ക് വൻ സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടും തെരഞ്ഞെടുപ്പിൽ മത്സരിച്ച് മോദി എന്ന ആശയത്തെ തകർത്തു. പാർലമെന്‍റിൽ പ്രധാനമന്ത്രിയെ ഇപ്പോൾ കാണുമ്പോൾ നിങ്ങൾക്കത് മനസ്സിലാവും. അദ്ദേഹം മാനസികമായി തകർന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലവുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല. ഇതെങ്ങനെ സംഭവിച്ചുവെന്ന് അദ്ദേഹത്തിന് മനസ്സിലാകുന്നില്ലെന്നും രാഹുൽ പറഞ്ഞു. ‘ഞാൻ പ്രത്യേകതയുള്ളവനാണ്, അതുല്യനാണ്, ദൈവത്തോട് സംസാരിക്കുന്നു’എന്നൊക്കെ പ്രധാനമന്ത്രി പറഞ്ഞതായി ആളുകൾ കരുതുന്നു. പക്ഷേ നമ്മൾ കാണുന്നത് അങ്ങനെയല്ല. ആന്തരികമായ മാനസിക തകർച്ചയിലാണ് അദ്ദേഹമെന്നും രാഹുൽ പറഞ്ഞു.
ശനിയാഴ്ച യു.എസിലെത്തിയ രാഹുൽ ടെക്‌സസിലെ ഡാലസിൽ ഇന്ത്യൻ പ്രവാസികളും യുവാക്കളുമായും സംവദിച്ചു. വാഷിങ്ൺ ഡി.സിയിൽ നിയമനിർമാതാക്കളെയും യു.എസ് സർക്കാറിലെ മുതിർന്ന ഉദ്യോഗസ്ഥരെയും കാണാനും അദ്ദേഹത്തിന് പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.