പ്രേതത്തെ പേടിച്ച് അരുണാചൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഗസ്റ്റ്ഹൗസാക്കി മാറ്റി

ന്യൂഡൽഹി: അരുണാചൽ മുഖ്യമന്ത്രി പെമ ഖണ്ഡു തനിക്കനുവദിച്ച ഔദ്യോഗിക വസതിയിൽ ഇന്നുവരെ കാലുകുത്തിയിട്ടില്ല. 2009ൽ ഇറ്റാനഗറിലെ കുന്നിൻപുറത്ത് 60 കോടി രൂപ ചിലവിൽ നിർമിച്ച കൊട്ടാര സദൃശമായ വസതിയിൽ താമസിച്ച മുൻ മുഖ്യമന്ത്രിമാരുടെ ഗതി തനിക്കും വരാതിരിക്കാനാണ് അദ്ദേഹത്തിന്‍റെ ഈ മുൻകരുതൽ.

സർക്കാരിലെ ഭൂരിഭാഗവും വിശ്വസിക്കുന്നത് ബംഗ്ളാവിൽ ഏതോ 'ദുരാത്മാവ്' കുടിയിരിക്കുന്നുണ്ടെന്ന് തന്നെയാണ്. പുരോഹിതന്മാരും മന്ത്രവാദികളും തുടങ്ങി പലരും ശുദ്ധീകരണത്തിനായി വന്നുവെങ്കിലും അവസാനം ഈ വസതി ഗസ്റ്റ് ഹൗസാക്കി മാറ്റായിരുന്നു തീരുമാനം.

2009ൽ ഡോർജി ഖണ്ഡുവിന്‍റെ കാലത്താണ് ബംഗ്ളാവ് നിർമിച്ചത്. അതിനുശേഷം ഇന്നുവരെ അരുണാചൽ പ്രദേശിൽ ഏഴു മുഖ്യമന്ത്രിമാർ ഭരിച്ചു. ഇവരിലാർക്കും തികച്ചുഭരിക്കാൻ കഴിഞ്ഞിട്ടില്ല.  മൂന്നുമുഖ്യമന്ത്രിമാർ അകാലത്തിൽ മരിക്കുകയും ചെയ്തു. ഡോർജി ഖണ്ഡു വിമാനാപകടത്തിൽ മരിച്ചപ്പോൾ ജർബോ ഗാംലിൻ മരിച്ചത് അസുഖം മൂലമായിരുന്നു.

അടുത്ത മുഖ്യമന്ത്രി കോൺഗ്രസിലെ നബാംതുക്കി വൻഭൂരിപക്ഷത്തിൽ വിജയിച്ചപ്പോഴും പാർട്ടിക്ക് ദയനീയ തോൽവിയായിരുന്നു. പ്രശ്നങ്ങൾക്ക് കാരണം ബംഗ്ളാവ് തന്നെയെന്ന് അനുയായികൾ ഉറപ്പിച്ചു. വാസ്തുവിദ്ഗ്ധനെ സമീപിച്ച തുക്കിക്ക് ബംഗ്ളാവിന്‍റെ ദോഷങ്ങൾ പരിഹരിക്കാനായിരുന്നു നിർദേശം.

ഈ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് കാലികോ പുളിന്‍റെ ശരീരം കണ്ടെത്തിയത്
 

പിന്നീട് തുക്കിയെ മറിച്ചിട്ട് കാലികോപുൾ മുഖ്യമന്ത്രിയായി. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച തുക്കിക്ക് അനുകൂലമായിരുന്നു വിധി. വിധി വന്ന് ദിവസങ്ങൾക്കുള്ളിൽ 2016 ആഗസ്റ്റ് 9ന് ബംഗ്ളാവിൽ ഫാനിൽ കെട്ടിതൂങ്ങി പുൾ ജീവിതമവസാനിപ്പിച്ചു.

സുപ്രീംകോടതി വിധി അനുകൂലമായിരുന്നിട്ടും തുക്കിക്ക് അധികനാൾ ഭരിക്കാൻ കഴിഞ്ഞില്ല. തുടർന്ന് പെമ ഖണ്ഡുവിന് ലഭിച്ചു മുഖ്യമന്ത്രിപദം. പക്ഷെ അദ്ദേഹം ഒരിക്കലും പ്രേതം കുടിയിരിക്കുന്ന ഈ വസതിയിലേക്ക് താമസം മാറാൻ തയ്യാറായില്ല.

എന്തായാലും നിരവധി ക്രസ്ത്യൻ പുരോഹിതരും ബുദ്ധിസ്റ്റ് പുരോഹിതരും പങ്കെടുത്ത ശുദ്ധീകരണ പ്രക്രിയക്ക് ശേഷം ബംഗ്ളാവ് സർക്കാർ അതിഥി മന്ദിരമാക്കി മാറ്റിയിരിക്കുകയാണ്.

Tags:    
News Summary - Fearing 'Evil Spirits', Arunachal Converts CM's Bungalow Into a Guesthouse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.