മുംബൈ: അറസ്റ്റിലായ ഐ.എ.എസ് ഓഫിസർ പൂജ സിംഗലിനോടൊപ്പമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഫോട്ടോ പങ്കുവെച്ചതുമായി ബന്ധപ്പെട്ട കേസിൽ സിനിമ സംവിധായകൻ അവിനാഷ് ദാസിനെ അഹ്മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. മുംബൈയിൽ നിന്നാണ് അവിനാഷിനെ അറസ്റ്റ് ചെയ്തതെന്നും തുടർ നടപടികൾക്കായി ഹൈദരബാദിലേക്ക് കൊണ്ടുപോകുമെന്നും പൊലീസ് അറിയിച്ചു.
കള്ളപ്പണം വെളുപ്പിച്ച കേസിൽ അറസ്റ്റിലായ ഐ.എ.എസ് ഉദ്യോഗസ്ഥ പൂജ സിംഗലിനൊപ്പമുള്ള അമിത്ഷായുടെ ഫോട്ടോ അവിനാഷ് ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. പൂജ സിംഗൽ അറസ്റ്റിലാവുന്നതിന് ദിവസങ്ങൾക്ക് മുൻപെടുത്ത ചിത്രമാണിതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, ഫോട്ടോ അഞ്ച് വർഷം മുമ്പ് എടുത്തതാണെന്ന് പൊലീസ് വ്യക്തമാക്കി. അമിത് ഷായുടെ പ്രതിച്ഛായക്ക് ദോഷം വരുത്താനുള്ള ശ്രമമാണിതെന്ന് ആരോപിച്ച് മേയ് 14നാണ് അവിനാഷിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ ത്രിവർണ്ണ വസ്ത്രം ധരിച്ച സ്ത്രീയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനും അവിനാഷിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി നിരസിച്ചതിനെതുടർന്ന് സംവിധായകൻ ഗുജറാത്ത് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അവിനാഷിന്‍റെ ഹരജി കോടതി തള്ളി. ഇന്ത്യൻ ശിക്ഷനിയമത്തിലെ വ്യാജരേഖ ചമക്കൽ, ദേശീയ ചിഹ്നങ്ങളെ അപമാനിക്കൽ, വിവരസാങ്കേതിക നിയമത്തിലെ വകുപ്പുകൾ എന്നിവ ചുമത്തിയാണ് അറസ്റ്റ്.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുമായി ബന്ധപ്പെട്ട 18 കോടി തട്ടിപ്പ് നടത്തിയതിനെ തുടർന്ന് ഝാർഖണ്ഡ് ഖനന വകുപ്പ് സെക്രട്ടറിയായിരുന്ന പൂജ സിംഗലിനെ ഇ.ഡി അറസ്റ്റുചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.