ന്യൂഡൽഹി: ഋതു ബന്ധു പദ്ധതി പ്രകാരം റാബി വിളകൾക്ക് കർഷകർക്ക് ധനസഹായം വിതരണം ചെയ്യുന്നതിന് നൽകിയ അനുമതി തിരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചു. സംസ്ഥാന മന്ത്രി മുൻകൈയെടുത്ത് പരസ്യപ്രസ്താവന നടത്തിയതിന് പിന്നാലെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി.
2018-ൽ ആരംഭിച്ച ഋതു ബന്ധു പദ്ധതി കാർഷിക ഉൽപ്പാദനം വർധിപ്പിക്കാൻ പ്രാപ്തമാക്കുന്നതിന് ഒരു വിള സീസണിൽ ഏക്കറിന് 5,000 രൂപ ക്യാഷ് ഗ്രാന്റായി നൽകുന്നു. ചില നിബന്ധനകൾക്ക് വിധേയമായി ഒക്ടോബർ-ജനുവരി കാലയളവിൽ കർഷകർക്ക് അവരുടെ റാബി വിളകൾക്കുള്ള ധനസഹായം വിതരണം ചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിരിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം പണം നൽകിയത് പരസ്യമാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
തെലങ്കാനയിലെ ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയിൽനിന്ന് മത്സരിക്കുന്ന സ്ഥാനാർഥി സംസ്ഥാന ധനമന്ത്രി ടി. ഹരീഷ് റാവു ഋതു ബന്ധു പദ്ധതിക്ക് കീഴിലുള്ള വിഹിതത്തെക്കുറിച്ച് നടത്തിയ പ്രസ്താവനയും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി. മന്ത്രിയുടെ പരാമർശം തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ലെവൽ പ്ലേ ഫീൽഡിനെ തടസ്സപ്പെടുത്തിയെന്നും കമ്മീഷൻ പറയുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.