ലഖ്നോ: ഹാഥറസിലേക്കുള്ള യാത്രക്കിടെ യു.പി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ യു.എ.പി.എ ചുമത്തി. ഇദ്ദേഹത്തിനും കൂടെ അറസ്റ്റിലായ മൂന്നുപേർക്കും എതിരെ രാജ്യദ്രോഹ കുറ്റവും യു.പി പൊലീസ് ചുമത്തിയതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. യു.എ.പി.എ നിയമത്തിലെ സെക്ഷൻ 17 പ്രകാരം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരിച്ചുവെന്ന കുറ്റമാണ് ചുമത്തിയത്.
പിടിയിലായ നാലുപേരും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ളവരാണെന്നും ഹാഥറസിലേക്ക് പോയത് മേഖലയിലെ സമാധാനാവസ്ഥ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണെന്നും എഫ്.ഐ.ആറിൽ പറയുന്നു.
ഹാഥറസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രക്കിടെയാണ് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയും 'അഴിമുഖം' വെബ്‌പോര്‍ട്ടല്‍ പ്രതിനിധിയുമായ സിദ്ദിഖ് കാപ്പനെ തിങ്കളാഴ്ച യു.പി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒപ്പം ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ മുസഫര്‍ നഗര്‍ സ്വദേശി അതീഖുര്‍ റസ്മാന്‍, മസൂദ് അഹ്മദ് (ബഹ്‌റൈച്ച്), ആലം (റാംപൂര്‍) എന്നിവരും അറസ്റ്റിലായിരുന്നു.
നിരോധനാജ്ഞ ലംഘിക്കാനും സമാധാനാന്തരീക്ഷം തകര്‍ക്കാനും ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. സിദ്ദിഖിന്‍റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് അടക്കം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകിയിരുന്നു. റിപ്പോർട്ടിങിനായി ഹാഥറസ് സന്ദർശിക്കാൻ പോയ സിദ്ദിഖിനെ കസ്റ്റഡിയിൽ എടുത്തത് സുപ്രീംകോടതി മാർഗരേഖയുടെ ലംഘനമാണെന്ന് ഹരജിയിൽ യൂണിയൻ ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പ് നൽകുന്ന മാധ്യമ സ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശത്തെയും ലംഘിക്കുന്നതാണ് പൊലീസ് നടപടിയെന്നും ഉടൻ സിദ്ദിഖിനെ മോചിപ്പിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.