ബംഗളൂരു: മാധ്യമപ്രവർത്തക റാണ അയ്യൂബിനെതിരെ ധാർവാഡ് വിദ്യാഗിരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബി.ബി.സിക്ക് നൽകിയ ടെലിവിഷൻ അഭിമുഖത്തിൽ കർണാടകയിലെ ശിരോവസ്ത്ര വിരുദ്ധ സമരക്കാരെ ഹിന്ദു തീവ്രവാദികളെന്ന് വിശേഷിപ്പിച്ചതിനാണ് കേസ്.
ഹുബ്ബള്ളിയിലെ ഹിന്ദു ഐ.ടി സെൽ പ്രതിനിധി അശ്വത് നൽകിയ പരാതിയിൽ ഐ.പി.സി 295 എ വകുപ്പ് ചേർത്താണ് ധാർവാഡ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
'ഈ പെൺകുട്ടികൾ ഏറെക്കാലമായി ശിരോവസ്ത്രം ധരിക്കുന്നു. എന്തുകൊണ്ടാണ് പെട്ടെന്ന് ഒരു കൂട്ടം വിദ്യാർഥികൾ, ചെറുപ്പക്കാരായ തീവ്രവാദികൾ ഇപ്പോൾ ഇതിനെതിരെ രംഗത്തുവരുന്നത്? കർണാടകയിൽ വിദ്യാലയ വളപ്പിൽ ആരാണ് കാവിക്കൊടി ഉയർത്തിയത്? വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആൺകുട്ടികൾ എന്തുകൊണ്ടാണ് കാവി ഷാൾ അണിയുന്നത്? അതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?' - ഇതായിരുന്നു റാണ അയ്യൂബ് അഭിമുഖത്തിൽ ചോദിച്ചത്.
ഇതേ പ്രസ്താവനയുടെ പേരിൽ ഹിന്ദു ഐ.ടി സെൽ റാണക്കെതിരെ അഞ്ചു പരാതികൾ വിവിധയിടങ്ങളിലായി നൽകിയിട്ടുണ്ട്. 'കർണാടകയിലെ ശിരോവസ്ത്ര നിരോധനത്തിനെതിരായ എന്‍റെ അഭിമുഖത്തിന്‍റെ പേരിൽ കർണാടകയിൽ എനിക്കെതിരെ മറ്റൊരു കേസ് കൂടി ചാർജ് ചെയ്തിരിക്കുന്നു. ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയെന്ന പേരിൽ അതേ ഹിന്ദുത്വ വലതുപക്ഷ സംഘമാണ് പരാതി നൽകിയിരിക്കുന്നത്. സത്യം പറയുന്നതിൽനിന്ന് ഇതുകൊണ്ടെന്നും എന്നെ തടയാനാവില്ല.' -റാണ അയ്യൂബ് ട്വീറ്റിലൂടെ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.