പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷത്തെ പരിഹസിച്ചതിന് തൃണമൂൽ കോൺഗ്രസ് നേതാവ് കീർത്തി ആസാദിനെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അടുത്തിടെ ഖാസി പരമ്പരാഗത വസ്ത്രം ധരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കീർത്തി പരിഹസിച്ചിരുന്നു. തുടർന്ന് കീർത്തി ആസാദിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് മേഘാലയയിലെ ഒരു സംഘടന ചൊവ്വാഴ്ച സദർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. മേഘാലയ സന്ദർശനത്തിനിടെ പരമ്പരാഗത വസ്ത്രം ധരിച്ചെത്തിയ മോദിയെ പരിഹസിച്ചാണ് കീർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചത്. സംഭവം വിവാദമായതോടെ കീർത്തി തന്നെ വിശദീകരണവുമായി രംഗത്തെത്തി.
“എന്റെ സമീപകാല ട്വീറ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. അത് ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തി. അവരോട് ഞാൻ മാപ്പ് പറയുന്നു. നമ്മുടെ വൈവിധ്യമാർന്ന സംസ്കാരങ്ങളോട് അപാരമായ ബഹുമാനവും അഭിമാനവും ഉണ്ട്. അറിയാതെയുള്ള എന്റെ പരാമർശം മൂലമുണ്ടായ വേദനയിൽ ഞാൻ ഖേദിക്കുന്നു. നമ്മുടെ ഭരണഘടനാ മൂല്യങ്ങൾ എപ്പോഴും ഉയർത്തിപ്പിടിക്കാൻ പ്രവർത്തിക്കുമെന്ന പ്രതിജ്ഞ ഞാൻ ആവർത്തിക്കുന്നു. പാർട്ടിയുടെ ഒരു സൈനികനെന്ന നിലയിൽ, നമ്മുടെ വൈവിധ്യങ്ങളെ ബഹുമാനിക്കാനും നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന പാതയാണ് ഞാൻ എപ്പോഴും പിന്തുടരുന്നത്. ആ പാതയിൽ നിന്ന് അശ്രദ്ധമായി വ്യതിചലിക്കുന്നതായി തോന്നുന്ന എന്തും തികച്ചും ഖേദകരമാണ്’’ -കീർത്തി ആസാദ് കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.