ന്യൂഡൽഹി: ഇന്ദിരാഗന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് യാത്രക്കാർ വെടിയുണ്ടകളുമായി പിടിയിലായി. ഗുഡ്ഗാവ് മലിബു സ്വാദേശി മൊഹർ സിങ് യാദവ് (65), ഹരിയാനയിലെ സിർസ സ്വദേശി പൂനം വെർമ എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ ആയുധ നിയമത്തിലെ 25ാം വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.
വെള്ളിയാഴ്ചയായിരുന്നു സംഭവം. വിമനത്താവളത്തിലെ ടെർമിനൽ മൂന്നിൽ വെച്ച് നടന്ന പരിശോധനയിലാണ് മൊഹർസിങ് യാദവിൽ നിന്ന് 11 വെടിയുണ്ടകൾ കണ്ടെടുത്തത്. ഗുഡ്ഗാവ് കോടതിയിലെ അഭിഭാഷകനും വിരമിച്ച ചീഫ് പബ്ലിക് പ്രോസിക്യൂട്ടറുമായ മൊഹർ സിങ് ഇൻഡിഗോ വിമാനത്തിൽ ഡൽഹിയിൽ നിന്ന് മാൽഡീവ്സിലേക്ക് പോകാനൊരുങ്ങുകയായിരുന്നു. വെടിത്തിരകൾ തെൻറ ലൈസൻസുള്ള തോക്കിേൻറതാണെന്ന് ചൂണ്ടിക്കാട്ടിയ ഇയാൾ ലൈസൻസ് കാണിക്കുകയും ചെയ്തു. എന്നാൽ ലൈസൻസ് പ്രകാരം ഹരിയാന സംസ്ഥാനത്ത് മാത്രമേ അവ ഉപയോഗിക്കാനുള്ള അധികാരമുണ്ടായിരുന്നുള്ളൂ. തുടർന്ന് കേസെടുക്കുകയായിരുന്നു.
ബാഗേജ് പരിശോധനയിലാണ് പൂനം വെർമയിൽ നിന്ന് വെടിയുണ്ട കണ്ടെടുത്തത്. ഇവർ ഡൽഹിയിൽ നിന്ന് ഗോവയിലേക്ക് പോകാനായി എത്തിയതായിരുന്നു. ഒരു വെടിയുണ്ടയാണ് ഇവരുടെ ബാഗിൽ നിന്ന് കണ്ടെടുത്തതെങ്കിലും ഇതിന് ആവശ്യമായ രേഖകൾ സമർപ്പിക്കാൻ അവർക്ക് സാധിക്കാത്തതിനാൽ പൊലീസ് കേസെടുക്കുകയായിരുന്നു.
ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ അശ്രദ്ധ മൂലമോ അറിവോടുകൂടിയോ യാത്രക്കാർ കൈവശം വെച്ച വെടിയുണ്ടകൾ പിടിക്കപ്പെട്ടതിനെ തുടർന്ന് ആയുധ നിയമപ്രകാരം ഈ വർഷം ഇതുവരെ 13 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം ഇത്തരത്തിൽ 66 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.