ന്യൂഡൽഹി: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്തതുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച അനുജ് തപന്‍റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ബോംബെ ഹൈകോടതിയെ സമീപിച്ചു.
ലോക്കപ്പിൽ വെച്ച് തപൻ ആത്മഹത്യ ചെയ്തു എന്നാണ് പൊലീസ് അറിയിച്ചത്. എന്നാൽ പൊലീസിന്‍റെ അവകാശവാദം വ്യാജമാണെന്നും അനുജ് തപൻ കൊല്ലപ്പെട്ടതാണെന്നും അമ്മ റീതാ ദേവി ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ ആരോപിച്ചു. മകന്‍റെ മരണം അന്വേഷിക്കാൻ സി.ബി.ഐയെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കസ്റ്റഡിയിൽ വെച്ച് പൊലീസ് തപനെ ശാരീരികമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് ഹരജിയിൽ ആരോപിക്കുന്നു. പൊലീസ് സ്റ്റേഷന്‍റെയും തപനെ പാർപ്പിച്ച ലോക്കപ്പിന്‍റെയും സി.സി.ടി.വി ദൃശ്യങ്ങൾ കൈമാറാൻ പൊലീസിന് നിർദേശം നൽകണമെന്നും ഹരജിയിൽ പറയുന്നു. ഏപ്രിൽ 24 മുതൽ മെയ് 2 വരെ വെടിവെപ്പ് സംഭവം അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കോൾ ഡാറ്റ റെക്കോർഡുകൾ പരിശോധിക്കണമെന്നും ഹരജി ആവശ്യപ്പെട്ടു. വീണ്ടും പോസ്റ്റ്‌മോർട്ടം നടത്താനുള്ള സാധ്യതകളും തേടുന്നുണ്ട്.
വെടിവവെപ്പിനായി തോക്കുകളും വെടിയുണ്ടകളും വിതരണം ചെയ്ത കുറ്റത്തിന് തപനെ ഏപ്രിൽ 26 ന് പഞ്ചാബിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ഏപ്രിൽ 30 വരെ റിമാൻഡ് ചെയ്യുകയും ചെയ്തു. മേയ് ഒന്നിനാണ് അനുജ് തപൻ മരിക്കുന്നത്.
ഏപ്രിൽ 14 പുലർച്ചെ അഞ്ച് മണിയോടെയാണ് ബൈക്കിലെത്തിയ രണ്ട് പേർ സൽമാന്റെ ഗ്യാലക്സി അപ്പാർട്ട്മന്റെിന് മുന്നൽ വെടിയുതിർത്തത്. അജ്ഞാതർ മൂന്ന് തവണ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ വെടിവെപ്പ് നടത്തിയ ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ സ്വദേശികളായ വിക്കി ഗുപ്ത(24), സാഗര്‍കുമാര്‍ പാലക്(21) എന്നിവരെ പിടികൂടിയിരുന്നു.
അതേസമയം വെടിവെപ്പിന്റെ ഉത്തരവാദിത്തം അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയി ഏറ്റെടുത്തിരുന്നു. ഇത് തമാശയല്ലെന്നും തങ്ങളെ നിസ്സാരമായി കരുതരുതെന്നും അന്‍മോല്‍ ബിഷ്‌ണോയി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇത് അവസാനതാക്കീതാണ്. ഇനി സല്‍മാന്റെ വീട്ടിലാണ് വെടിവെപ്പ് നടക്കുകയെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.