ചെന്നൈ: തമിഴ്‌നാട്ടിൽ നിന്നുള്ള 22 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ടാണ് സമുദ്രാതിർത്തി ലംഘിച്ചതിന് 22 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തത്.
ഇന്ത്യക്കും ശ്രീലങ്കക്കും ഇടയിലുള്ള ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയതെന്നും രണ്ട് യന്ത്രവത്കൃത ബോട്ടുകൾ ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തതായും തരുവൈക്കുളത്തെ മത്സ്യത്തൊഴിലാളി സംഘടന അറിയിച്ചു.
ആർ. ആന്‍റണി മഹാരാജ, ജെ. ആന്‍റണി തെൻ ഡാനില എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് മത്സ്യബന്ധന ബോട്ടുകൾ. ജൂലൈ 21ന് മത്സ്യബന്ധനത്തിന് പോയ 12 പേരെയും ജൂലൈ 23ന് പോയ 10 പേരെയുമാണ് അറസ്റ്റ് ചെയ്തത്.
തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ.അണ്ണാമലൈയും മത്സ്യത്തൊഴിലാളി പ്രതിനിധികളും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ സന്ദർശിച്ച് ശ്രീലങ്കൻ നാവികസേനയിൽ നിന്ന് അവർ നേരിടുന്ന തുടർച്ചയായ ആക്രമണങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. പ്രശ്‌നപരിഹാരത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിന് ശേഷം ജയശങ്കർ പറഞ്ഞു.
ഇത് ഉപജീവനത്തിന്‍റെ പ്രശ്‌നമാണ്. സർക്കാറും ഹൈക്കമീഷനും അവരുടെ ക്ഷേമത്തിനായി എല്ലായ്‌പ്പോഴും പ്രവർത്തിച്ചിട്ടുണ്ട്. അടുത്തിടെ 20 മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. മത്സ്യത്തൊഴിലാളി അസോസിയേഷനുമായും സംയുക്ത വർക്കിങ് ഗ്രൂപ്പുമായും ഉടൻ യോഗം ചേരുമെന്ന് ജയശങ്കർ ഉറപ്പുനൽകി.
ശ്രീലങ്കയിൽ തടവിലാക്കപ്പെട്ട 87 മത്സ്യത്തൊഴിലാളികളെ വേഗത്തിൽ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കഴിഞ്ഞ മാസം ജയശങ്കറിന് കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.