ന്യൂഡൽഹി: രാജ്യത്തെ ബലാത്സംഗം, കൂട്ട ബലാത്സംഗം എന്നിവ മൂലമുണ്ടാകുന്ന കൊലപാതകങ്ങളെ കുറിച്ചുള്ള ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (എന്‍.സി.ആര്‍.ബി) റിപ്പോർട്ട് പുറത്ത്. 2017നും 2022 നും ഇടയിൽ 1,551 ബലാത്സംഗ കൊലപാതകങ്ങൾ നടന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ കാലയളവിൽ ഓരോ ആഴ്ചയും ശരാശരി അഞ്ച് ബലാത്സംഗ കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
2018 ലാണ് ഏറ്റവും കൂടുതൽ ബലാത്സംഗ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തത് (294). ഏറ്റവും കുറവ് 2020ലാണ് (219). 2017ല്‍ 223, 2019ല്‍ 283, 2021ല്‍ 284, 2022ല്‍ 248 എന്നിങ്ങനെയാണ് മറ്റ് വർഷങ്ങളിലെ കണക്കുകൾ. സംസ്ഥാനാടിസ്ഥാനത്തിലെ കണക്കുകൾ നോക്കുകയാണെങ്കിൽ ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് - 280, മധ്യപ്രദേശിൽ 207, അസമിൽ 205, മഹാരാഷ്ട്രയിൽ 155, കർണാടകയിൽ 79 എന്നിങ്ങനെ പോകുന്നു മറ്റ് സംസ്ഥാനങ്ങളിലെ കേസുകളുടെ എണ്ണം.
അതേസമയം വിചാരണ പൂര്‍ത്തിയായ 308 കേസുകളില്‍ 65 ശതമാനം (200) കേസുകളിൽ മാത്രമാണ് ഇതുവരെ ശിക്ഷ വിധിച്ചത്. ആറു ശതമാനം കേസുകളിൽ കുറ്റപത്രം തള്ളുകയും 28 ശതമാനം കേസുകളിൽ പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തിട്ടുണ്ട്. 2017ലാണ് ശിക്ഷാ നിരക്ക് ഏറ്റവും കുറവ് (57.89%). ഏറ്റവും ഉയർന്ന ശിക്ഷാ നിരക്ക് 2021ലാണ് (75%).
കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്സ് ഇനിഷ്യേറ്റീവ് നടത്തിയ പഠനത്തിൽ 258 കേസുകളാണ് വാർഷിക ശരാശരിയായി കണക്കാക്കിയത്. 2017 മുതലാണ് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ബലാത്സംഗ കൊലപാതകങ്ങളുടെ കണക്കുകള്‍ പ്രത്യേകമായി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.