ന്യൂഡൽഹി: കേരളമടക്കം അഞ്ചു സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ തീയതി നിശ്ചയിക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ചർച്ച തുടങ്ങി. സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾക്ക് പ്രയാസമുണ്ടാകാതെ തീയതികൾ പ്രഖ്യാപിക്കുന്നതിനുള്ള ചർച്ചയാണ് കമീഷൻ നടത്തിയത്.
കേരളം, അസം, പശ്ചിമബംഗാൾ, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഭൂരിഭാഗം ബൂത്തുകളും സ്കൂളുകളായിരിക്കുമെന്ന കാരണത്താലാണ് സി.ബി.എസ്.ഇ, സി.െഎ.എസ്.സി.ഇ അധികൃതരുമായി കമീഷൻ ചർച്ച നടത്തിയത്. മേയ് നാലിന് തുടങ്ങി ജൂൺ പത്തിന് അവസാനിക്കും വിധമാണ് സി.ബി.എസ്.ഇ പരീക്ഷ തീരുമാനിച്ചത്.
ഒാരോ വിഷയങ്ങളുടെയും തീയതി അടക്കമുള്ള വിശദാംശങ്ങൾ ഉടൻ പുറത്തിറങ്ങും. മുന്നൊരുക്കങ്ങൾക്കായി സംസ്ഥാനങ്ങൾ സന്ദർശിക്കുന്ന പതിവ് തെറ്റിച്ച് വിഡിയോ കോൺഫറൻസ് വഴിയും ക്രമീകരണങ്ങൾ വിലയിരുത്തി തുടങ്ങിയിട്ടുണ്ട്. അസമിലെ ക്രമീകരണങ്ങൾ ഇങ്ങനെ വിലയിരുത്തിക്കഴിഞ്ഞു.
രണ്ട് മാസത്തിനകം ഇവിടെ വിജ്ഞാപനമിറങ്ങും. ഏപ്രിലിലായിരിക്കും തെരഞ്ഞെടുപ്പ്. ഉദ്യോഗസ്ഥർക്കുള്ള പരിശീലനം അടുത്ത ശനിയും ഞായറും നടക്കും. പശ്ചിമ ബംഗാളിൽ ജനുവരി 15ന് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
ഏപ്രിൽ രണ്ടാംവാരം മുതൽ മേയ് രണ്ടാംവാരം വരെ റമദാൻ വ്രതവും പെരുന്നാളുമടക്കമുള്ളവ വരുന്നതിനാൽ മുസ്ലിം വോട്ടർമാർ ഗണ്യമായ തോതിലുള്ള അസമിലും ബംഗാളിലും കേരളത്തിലും ഇക്കാര്യവും കമീഷന് പരിഗണിക്കേണ്ടി വരും.
തമിഴ്നാട്ടിലും നിലവിലുള്ള സർക്കാറുകളുടെ കാലാവധി മേയ് - ജൂൺ മാസങ്ങളിൽ അവസാനിക്കുകയാണ്. അതിന് മുമ്പ് പുതിയ സർക്കാറുകൾ അധികാരമേൽക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.